റഷ്യയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ പ്രതിജ്ഞ ചെയ്ത് ജി7 ഉച്ചകോടി
Thursday, June 30, 2022 11:25 AM IST
ജോസ് കുമ്പിളുവേലില്‍
എല്‍മൗ: ആഗോള സമൂഹത്തിന്‍റെ എതിര്‍പ്പുകള്‍ അവഗണിച്ച് യുക്രെയ്നില്‍ സൈനിക അധിനിവേശം തുടരുന്ന റഷ്യയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ജി7 ഉച്ചകോടിയില്‍ തീരുമാനം. റഷ്യയില്‍നിന്നുള്ള എണ്ണയ്ക്കു പുറമേ സ്വര്‍ണത്തിനും ഇറക്കുമതി നിരോധനം പരമാവധി ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

നാലു മാസം പിന്നിട്ട റഷ്യന്‍ അധിനിവേശം തുടരുവോളം യുക്രെയ്നെ പിന്തുണക്കുമെന്ന് ജി7 ഉച്ചകോടി അന്തിമ പ്രസ്താവനയില്‍ വ്യക്തമാക്കി. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള സാമ്പത്തിക ഉപരോധത്തിന്റെ വിവിധ വശങ്ങള്‍ ജി7 കൂട്ടായ്മ തുടര്‍ന്നും ചര്‍ച്ച ചെയ്യും.

കരിങ്കടലിലൂടെയുള്ള യുക്രെയ്ന്‍റെ ചരക്കുനീക്കം റഷ്യ തടഞ്ഞതോടെയുണ്ടായ ഭക്ഷ്യസാധനങ്ങളുടെ ക്ഷാമത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ഉച്ചകോടി അറിയിച്ചു. കഴിഞ്ഞദിവസം ക്രെമന്‍ചുക്കിലെ ഷോപ്പിങ് മാളില്‍ റഷ്യ നടത്തിയ ആക്രമണം മാനുഷികതക്ക് നിരക്കുന്നതല്ലെന്ന് അഭിപ്രായപ്പെട്ട ഉച്ചകോടി ഇതിനുപിന്നിലുള്ള വ്ലാദിമിര്‍ പുടിനും കൂട്ടരും ലോകത്തോട് മറുപടി പറയേണ്ടിവരുമെന്ന് ഓര്‍മിപ്പിച്ചു.