ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി
Wednesday, June 29, 2022 11:23 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിയ്ക്കയാണ് ഇവിടുത്തെ മലയാളി സമൂഹം. ഗോട്ടിംഗന്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ അരുണ്‍ സത്യന്‍ എന്ന 25 കാരനെയാണ് മരിച്ച നിലയില്‍ തടാകത്തില്‍ നിന്നും പുറത്തെടുത്തത്. മരണകാരണം ഇതുവരെ വ്യക്തമല്ല.

16 മീറ്റര്‍ താഴ്ചയില്‍ നിന്നാണ് അരുണിനെ ഫയര്‍ഫോഴ്സ് പുറത്തെടുത്തത്. പ്രാദേശിക മാദ്ധ്യമങ്ങള്‍ പ്രാഥമിക വിവരമായി റിപ്പോര്‍ട്ടു ചെയ്യുന്നതനുസരിച്ചും അരുണിന്റെ കൂട്ടുകാരില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചും ശനിയാഴ്ച മുതല്‍ അരുണിനെ കാണാതായി എന്നാണ്.ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും സുഹൃത്തുക്കള്‍ അരുണിനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടര്‍ന്നുവെങ്കിലും ക്വാറി തടാകത്തിന്റെ അരികില്‍ നിന്ന് അരുണിന്റെ സൈക്കിളും വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തിയതല്ലാതെ അരുണിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് നീഡര്‍ജെസ/ സ്റ്റോക്ഹൗസന്‍, ഗ്രോസ് ഷ്നീയെന്‍ ഫയര്‍ ബ്രിഗേഡുകളെ വിവരമറിയിക്കുകയും ജില്ലാ അഗ്നിശമന സേനയില്‍ നിന്നുള്ള ഡൈവിംഗ് സംഘവും, മുങ്ങല്‍ വിദഗ്ധരും, റെസ്ക്യൂ ഹെലികോപ്റ്ററും, ഗോട്ടിംഗന്‍ റെസ്ക്യൂ ഡോഗ് സ്ക്വാഡ്രണ്‍ ഉള്‍പ്പടെ കരയില്‍ നടത്തിയതിനൊടുവിലാണ് ചേതനയറ്റ ശരീരം വീണ്ടെടുക്കാനായത്. അരുണിന് നീന്തല്‍ വശമില്ലെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

എറണാകുളം തൃപ്പൂണിത്തുറ ഏരൂര്‍ വെസ്റ്റ് ശ്രീലക്ഷ്മിയില്‍ സത്യന്റെയും അജിതയുടെയും മകനാണ് മരിച്ച അരുണ്‍. പിതാവ് സത്യന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ജീവനക്കാരനാണ്. അതുല്‍ ഏക സഹോദരനാണ്.

ഗോട്ടിംഗന്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ അരുണ്‍ ജര്‍മനിയില്‍ എത്തിയിട്ട് ഒന്നര വര്‍ഷമായി. അരുണിന്റെ അപ്രതീക്ഷിത വേര്‍പാട് ഗോട്ടിംഗനിലെയും ചുറ്റുപാടുമുള്ള ഇന്‍ഡ്യന്‍ സമൂഹത്തെയും പ്രത്യേകിച്ച് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിയിരിയ്ക്കയാണ്.അരുണിന്റെ നാട്ടിലുള്ള മാതാപിതാക്കളുമായി സഹോദരനുമായി ബന്ധപ്പെടുകയും മൃദദേഹം എത്രയും വഗം നാട്ടിലെത്തിക്കാനുള്ള ശ്രമം ഗോട്ടിംഗനിലെ മലയാളി സമൂഹം നടത്തിവരികയാണ്.

ഇന്‍ഡ്യന്‍ എംബസിയുടെ ഹാംബുര്‍ഗ് കോണ്‍സുലേറ്റിന്‍റെ അധികാരപരിധിയില്‍ വരുന്നതുകൊണ്ട്, കോണ്‍സുലേറ്റിന് വിവരം ധരിപ്പിക്കുകയും തുടര്‍ നടപടിക്രമങ്ങള്‍ ധൃതഗതിയിലാക്കാനും ശ്രദ്ധിക്കുന്നുണ്ട്. പൊലീസിന്‍റെ ഭാഗത്തു നിന്നും ഏറെ സഹായകരമായ നീക്കങ്ങള്‍ ലഭിക്കുന്നതുകൊണ്ട് ഒരു പക്ഷെ നാളെത്തന്നെ പോസ്ററ് മോര്‍ട്ടം പൂര്‍ത്തിയാക്കി ബോഡി എംബാം ചെയ്യാനുള്ള കമ്പനിയുമായി അരുണിന്റെ സുഹൃത്തുക്കള്‍ നിരന്തര ശ്രമത്തിലാണന്ന് അരുണിന്റെ ഏറ്റവും അടുത്ത സുഹൃത് ലേഖകനോടു പറഞ്ഞു.