യുക്മയെ ഡോ.ബിജു പെരിങ്ങാത്തറ നയിക്കും; കുര്യൻ ജോർജ് ജനറൽ സെക്രട്ടറി
Sunday, June 19, 2022 12:21 PM IST
അലക്സ് വർഗീസ്
ലണ്ടൻ: ബർമിംങ്ങ്ഹാമിൽ ഇന്നലെ യുക്മ ദേശീയ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിക്കാതിരുന്നതിനാൽ എല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

യുക്മ ദേശീയ പ്രസിഡൻ്റായി യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറും, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറുമായിരുന്ന ഡോ.ബിജു പെരിങ്ങത്തറ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ബോൾട്ടൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറും യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്ററുമായ കുര്യൻ ജോർജ് തിരഞ്ഞെടുക്കപ്പെട്ടു.

ട്രഷററായി യുക്മ മിഡ്ലാൻഡ്സ് റീജിയൻ മുൻ പ്രസിഡൻറും നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറുമായ ഡിക്സ് ജോർജും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡൻറുമാരായി യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ പ്രസിഡൻറ്, സെക്രട്ടറി, വാറിംഗ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഷിജോ വർഗീസ്, യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയൻ മുൻ വൈസ് പ്രസിഡന്‍റുമായിരുന്ന ലീനുമോൾ ചാക്കോ എന്നിവരും, ജോയിന്‍റ് സെക്രട്ടറിമാരായി യുക്മ വെയിൽസ് റീജിയൻ മുൻ പ്രസിഡൻറും അബർസ്വിത്ത് മലയാളി അസോസിയേഷൻ പ്രസിഡൻറുമായ പീറ്റർ താണോലിലും, സട്ടൻ കോൾഡ് ഫീൽഡ് മലയാളി അസോസിയേഷനിൽ നിന്നുമുള്ള സ്മിതാ തോട്ടവും തിരഞ്ഞെടുക്കപ്പെട്ടു. ജോയിൻറ് ട്രഷററായി ആർ സി എൻ ലണ്ടൻ ബോർഡംഗവും, യുക്മ ലണ്ടൻ കോർഡിനേറ്ററുമായിരുന്ന എബ്രഹാം പൊന്നുംപുരയിടവും തിരഞ്ഞെടുക്കപ്പെട്ടു.

യുക്മ ജനറൽ കൗൺസിൽ യോഗം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ യുകെയിൽ മലയാളി സൂഹത്തിൽ നിന്നും വിടവാങ്ങിയവർക്ക് ആദരാഞ്ജലിയർപ്പിച്ച് കൊണ്ടാണ് യോഗനടപടികൾക്ക് തുടക്കം കുറിച്ചത്. വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോ സ്വാഗതം ആശംസിച്ചു.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് മനോജ് കുമാർ പിള്ള കഴിഞ്ഞ വർഷങ്ങളിൽ തന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. വളരെയേറെ കാര്യങ്ങൾ യുകെ മലയാളി സമൂഹത്തിന്‍റെ കലവറയില്ലാത്ത പിന്തുണയോടെ നടപ്പിലാക്കുവാൻ സാധിച്ചു. നൽകിയ പിന്തുണയ്ക്ക് യുകെ മലയാളി സമൂഹത്തിന് ഹൃദയം നിറഞ്ഞ നന്ദി അദ്ദേഹം അറിയിച്ചു. ട്രഷറർ അനീഷ് ജോൺ കണക്ക് അവതരിപ്പിച്ചു.

തുടർന്ന് ലോക കേരളസഭയിൽ യുക്മ പ്രതിനിധികളെ ഉൾപ്പെടുത്താതിലുള്ള പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ശബ്ദവോട്ടോടെ പ്രമേയം യോഗം അംഗീകരിച്ചു. നേർത്ത് ഈസ്റ്റ്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലണ്ട്, എന്നീ സ്ഥലങ്ങളിലെ പ്രതിനിധികളെയും ലണ്ടൻ കോർഡിനേറ്ററേയും യുക്മ ദേശീയ സമിതിയിലേക്ക് പ്രത്യേക ക്ഷണിതാക്കളാക്കാൻ തീരുമാനിച്ചു. ലണ്ടൻ കോർഡിനേറ്ററായി അഡ്വ.എബി സെബാസ്റ്റ്യൻ, നോർത്ത് ഈസ്റ്റ് - ജിജോ മാധവപ്പള്ളിൽ, സ്കോട്ലൻഡ് - സണ്ണി ഡാനിയേൽ, വെയിൽസ് - ബിനോ ആൻ്റണി, നോർത്തേൺ അയർലണ്ട് - സന്തോഷ് ജോൺ തുടങ്ങിയവരെ യോഗം അംഗീകരിച്ചു.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ യുക്മ ഇലക്ഷൻ കമീഷൻ അംഗങ്ങളായ അലക്സ് വർഗ്ഗീസ്, ബൈജു തോമസ് എന്നിവരാണ് നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിന്‍റെ മുഖ്യ ചുമതല വഹിച്ചിരുന്ന അലക്സ് വർഗീസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ വിശദീകരിച്ചു. റീജിയണുകളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഐക്യകണ്ഡേന ഭാരവാഹികളെ തീരുമാനിക്കുവാൻ സാധിച്ചതിന് എല്ലാ റീജിയനുകളിൽ നിന്നുള്ള ജനറൽ കൗൺസിൽ അംഗങ്ങൾക്ക് നന്ദി അറിയിച്ചു.

അഡ്വ. എബി സെബാസ്റ്റ്യൻ അവതരിപ്പിച്ച പാനൽ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു. നോമിനേഷൻ സമർപ്പിക്കുവാനുള്ള സമയപരിധി അവസാനിച്ച ശേഷം പത്രിക പരിശോധിച്ച് തിരഞ്ഞെടുപ്പ് കമീഷൻ അംഗം ബൈജു തോമസിൻ്റെ സാന്നിധ്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അലക്സ് വർഗീസ് വിജയികളെ പ്രഖ്യാപിച്ചു.

റീജിയണുകളിൽ ചുമതലയേറ്റ ഭാരവാഹികളെ ജോയിൻ്റ് സെക്രട്ടറി സലീനാ സജീവ് പരിചയപ്പെടുത്തി.സ്ഥാനമൊഴിഞ്ഞ ഭാരവാഹികളായ മനോജ് കുമാർ പിള്ള, ലിറ്റി ജിജോ, സെലീനാ സജീവ്, സാജൻ സത്യൻ അനീഷ് ജോൺ, ടിറ്റോ തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

രാവിലെ സ്ഥാനമൊഴിഞ്ഞ യുക്മ ദേശീയ സമിതിയുടെ അവസാന യോഗം പ്രസിഡന്‍റ് മനോജ് കുമാർ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്നിരുന്നു. നിലവിലെ ദേശീയ സമിതിയുടെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. യുക്മയുടെ തിരഞ്ഞെടുപ്പ് യോഗത്തിൻ്റെ അജണ്ട തീരുമാനിച്ചു.

ലോക കേരളസഭയിലേക്ക് യുക്മയുടെ പ്രതിനിധികളെ ഉൾപ്പെടുത്താതിലുള്ള പ്രതിഷേധം ജനറൽ കൗൺസിൽ യോഗത്തിൽ പ്രമേയമായി അവതരിപ്പിക്കാൻ തീരുമാനിച്ചു. യുക്മ ദേശീയ സമിതിക്കു വേണ്ടി സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ നന്ദി അറിയിച്ചു.