ജര്‍മനിയിൽ മാസ്ക് നിബന്ധനകള്‍ പുതിയ തലത്തിലേക്ക്
Friday, May 27, 2022 9:46 PM IST
ജോസ് കുമ്പിളുവേലില്‍
ബെര്‍ലിന്‍: കൊറോണവൈറസ് ബാധയുടെ പുതിയ തരംഗങ്ങള്‍ മുന്നില്‍ക്കണ്ട് മാസ്ക് നിബന്ധന പുതിയ രീതിയില്‍ പുനഃസ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി കാള്‍ ലോട്ടര്‍ബാച്ച്.

തുറസായ സ്ഥലങ്ങളില്‍ മാത്രം മാസ്ക് ഒഴിവാക്കി സ്വകാര്യ ഇടങ്ങളിലും അടച്ചിട്ട മുറികളിലും മറ്റും നിബന്ധന പുനഃസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ പൊതു ഗതാഗത സൗകര്യങ്ങളിലും സ്റേറഷനുകളിലും വിമാനങ്ങളിലും ആശുപത്രികളിലും കെയര്‍ ഹോമുകളിലും മാത്രമാണ് മാസ്ക് നിര്‍ബന്ധമുള്ളത്.

ഇപ്പോഴത്തെ നിബന്ധനകളുടെ കാലാവധി സെപ്റ്റംബര്‍ 23നു അവസാനിക്കും. അതിനു ശേഷമായിരിക്കും പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളില്‍ ലോട്ടര്‍ബാച്ച് ഇക്കാര്യം വിശദീകരിച്ചു കഴിഞ്ഞു. ശീതകാലത്തോടടുക്കുന്നതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുമെന്നാണ് വിലയിരുത്തല്‍.