ഹിറ്റ്ലറെ ജൂതനാക്കിയ ലാവ്റോവ് വിവാദത്തില്‍
Saturday, May 7, 2022 11:31 AM IST
ജോസ് കുമ്പിളുവേലില്‍
മോസ്കോ: ലക്ഷക്കണക്കിനു ജൂതരെ കൂട്ടക്കൊല ചെയ്തതിന്‍റെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് ജൂതവേരുകളുണ്ടെന്ന റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവിന്റെ പരാമര്‍ശം വിവാദമായി.

യുക്രെയ്നിനെ നാസിമുക്തമാക്കാനാണ് അവിടെ നടത്തുന്ന സൈനികനടപടികളെന്ന റഷ്യയുടെ അവകാശവാദത്തെക്കുറിച്ച്, ഇറ്റാലിയന്‍ ചാനലിലെ അഭിമുഖത്തില്‍ വിശദീകരിക്കുമ്പോഴാണ് ലാവ്റോവ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.

യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലെന്‍സ്കി ജൂതനാണ്. ഈ സാഹചര്യത്തില്‍, നാസിമുക്തം എന്നതു കൊണ്ട് റഷ്യ എന്താണുദ്ദേശിക്കുന്നതെന്നായിരുന്നു ചാനല്‍ പ്രതിനിധിയുടെ ചോദ്യം. പ്രസിഡന്‍റോ മറ്റു പ്രധാന വ്യക്തികളോ ജൂതരായതു കൊണ്ട് യുക്രെയ്നില്‍ നാസി ഘടകങ്ങളില്ല എന്നു കരുതരുതെന്നു മറുപടി നല്‍കിയ ലാവ്റോവ്, ഹിറ്റ്ലറുടെ ജൂതവേരുകളെക്കുറിച്ചും പരാമര്‍ശിച്ചു. ഹിറ്റ്ലറുടെ മുത്തച്ഛന്‍ ജൂതനായിരുന്നെന്ന കേട്ടുകേഴ്വിയെക്കുറിച്ചായിരുന്നു സൂചന.

എന്നാല്‍, ലാവ്റോവിന്‍റേത് മാപ്പര്‍ഹിക്കാത്ത വാക്കുകളെന്ന വിമര്‍ശനവുമായി തൊട്ടു പിന്നാലെ ഇസ്രയേല്‍ രംഗത്തെത്തി. റഷ്യന്‍ അംബാസഡറോട് ഇക്കാര്യത്തില്‍ വിശദീകരണവും തേടിയിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും നീചമായ ജൂതവംശഹത്യയ്ക്ക്, ജൂതരെത്തന്നെ പഴിക്കുകയാണു റഷ്യ ചെയ്തിരിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് കുറ്റപ്പെടുത്തി.

രണ്ടാം ലോകയുദ്ധത്തില്‍നിന്നുള്ള പാഠങ്ങള്‍ റഷ്യ വിസ്മരിച്ചെന്നും അഥവാ പാഠമൊന്നും പഠിച്ചില്ലെന്നും യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്കിയും പ്രതികരിച്ചു.