യുക്മ നഴ്സസ് ഫോറം വെബിനാർ ജനുവരി 29ന്
Thursday, January 27, 2022 5:14 PM IST
ലണ്ടൻ: യുക്മ നഴ്സസ് ഫോറത്തിന്‍റെ (യുഎൻഎഫ്) ആഭിമുഖ്യത്തിൽ യുകെയിലെ പുതു തലമുറയിലെ നഴ്സുമാർക്കുവേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ പരമ്പര‌യിലെ മൂന്നാമത്തെ ദിവസമായ ജനുവരി 29നു (ശനി) ഉച്ചകഴിഞ്ഞു മൂന്നിന് യുകെയിലെ പ്രശസ്ത സോളിസിറ്റർ പോൾ ജോൺ UK VISAS & IMMIGRATION എന്ന വിഷയത്തിൽ സെമിനാർ നയിക്കുന്നു.

യു കെയിലെ പ്രമുഖ ഇമിഗ്രേഷൻ സോളിസിറ്ററായ അഡ്വ.പോൾ ജോൺ, പോൾ ജോൺ ആൻഡ് കന്പനി സോളിസിറ്റർ സ്ഥാപനം നടത്തി വരുന്നു. പ്രസ്തുത വിഷയത്തിൽ മുൻകൂട്ടി ലഭിക്കുന്ന നിങ്ങളുടെ സംശയങ്ങൾക്ക് അന്നേ ദിവസം മറുപടി ലഭിക്കുന്നതാണ്. ചോദ്യങ്ങൾ [email protected], [email protected] തുടങ്ങിയ ഏതെങ്കിലും മെയിലിലേക്ക് ജനുവരി 28നു (വെള്ളി) രാത്രി എട്ടിനു മുന്പായി അയച്ചുതരേണ്ടതാണ്.

യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്‌സസ് ഫോറം (‌യുഎൻഎഫ്) യുകെയിലെ മലയാളി നഴ്സുമാരുടെ നിരവധിയായ പ്രശ്നങ്ങളിൽ അവരോടൊപ്പം ചേർന്നു നിൽക്കുകയും അവർക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണ നൽകുകയും ചെയ്തു വരുന്നു.

നഴ്സുമാരുടെ വിവിധ പ്രശ്നങ്ങൾ സർക്കാരിനു മുന്നിൽ എത്തിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന "യുക്മ നഴ്സസ് ഫോറ'ത്തിന്‍റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന മലയാളികൾ ഉൾപ്പെടുന്ന നഴ്സുമാർക്കുവേണ്ടി സംഘടിപ്പിക്കുന്ന വെബ് സെമിനാർ പരമ്പരയ്ക്ക് ജനുവരി 15നാണ് തുടക്കം കുറിച്ചത്.

അടുത്തകാലത്ത് യുകെയിൽ എത്തിച്ചേർന്ന "മലയാളി നഴ്സ് മാർക്കൊരു കൈത്താങ്ങ്' എന്ന പേരിൽ യുക്മ നഴ്സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബിനാർ പരമ്പരയുടെ മൂന്നാം ഭാഗമാണ് അടുത്ത ശനിയാഴ്ച നടക്കുന്നത്. യുക്മയുടെ ഫെയ്സ്ബുക് പേജിലൂടെയും പരിപാടി സംപ്രേക്ഷണം ചെയ്തു വരുന്നു.

യുകെ യിൽ നഴ്സ് ആയി എത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും ‌യുകെ സമയം ഉച്ചകഴിഞ്ഞു മൂന്നിനും ഇന്ത്യൻ സമയം രാത്രി 8.30നും സംഘടിപ്പിച്ചിട്ടുള്ളത്.

വിവിധങ്ങളായ വിഷയങ്ങളിൽ അതാതു മേഖലകളിലെ വിദഗ്ധർ അവതരിപ്പിക്കുന്ന വെബിനാറുകളാണ് യുക്മ നഴ്സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്.

വെബിനാറിന്‍റെ ആദ്യത്തെ രണ്ട് സെഷനുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. സെമിനാറിൽ നേരിട്ടും പിന്നീടും പങ്കെടുത്ത ധാരാളം പേർ വളരെ നല്ല അഭിപ്രായമാണ് ഭാരവാഹികളുമായി പങ്കുവച്ചത്.

വെബിനാറിന്‍റെ ഉദ്ഘാടന ദിനത്തിൽ യുകെയിൽ എത്തുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഈസ്റ്റ് ആൻഡ് ഹെർഡ്ഫോർഡ്ഷെയർ ട്രസ്റ്റിൽ നിന്നുമുള്ള ഐഇഎൽറ്റി എസ് / ഒഇറ്റി ട്രെയിനർ കൂടിയായ പ്രബിൻ ബേബിയുടെ ക്ലാസുകൾ വളരെ പ്രയോജനകരമായിരുന്നുവെന്നാണ് ഏവരും അഭിപ്രായപ്പെട്ടത്. യുകെയിൽ എത്തിയിട്ട് അധിക നാൾ ആയിട്ടില്ലാത്ത പ്രബിൻ സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചത്.

സെമിനാർ പരമ്പരയുടെ രണ്ടാമത്തെ ദിവസം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് സീനിയർ കോട്ടിൽ സോളിസിറ്ററും ക്രിമിനൽ ഡിഫൻസ് ഡ്യൂട്ടി സോളിസിറ്ററും കേംബ്രിഡ്ജ് സിറ്റി മുൻ കൗൺസിലറുമായിരുന്ന ബൈജു വർക്കി തിട്ടാല "Employee's Rights at work in UK" എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാർ നയിച്ചത്. ജോലി മേഖലകളിൽ അറിഞ്ഞിരിക്കേണ്ട നിരവധിയായ പുത്തൻ അറിവുകളാണ് ബൈജു തിട്ടാല തന്‍റെ സെഷനിൽ പ്രേക്ഷകർക്കായി പങ്കുവച്ചത്.

Zoom Meeting - ID 860712 77041
Passcode - 520998