ഉക്രൈൻ വിഷയത്തില്‍ തിരക്കിട്ട ചര്‍ച്ചകളുമായി ഇയു
Wednesday, January 26, 2022 3:08 PM IST
ബ്രസല്‍സ്: ഉക്രൈയ്ന്‍~റഷ്യ പ്രതിസന്ധി പരിഹരിയ്ക്കാന്‍ യുഎസുമായി തന്ത്രങ്ങള്‍ ഏകോപിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു.ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തില്‍ 27 അംഗ ഇയു നേതാക്കള്‍ ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തോടുള്ള പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്തു. റഷ്യന്‍ ആക്രമണത്തെ ചെറുക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ ഒറ്റക്കെട്ടാണെന്ന് യൂറോപ്യന്‍ യൂണിയന്റെ നയതന്ത്ര മേധാവി പറഞ്ഞു.

അധിനിവേശവുമായി മുന്നോട്ട് പോയാല്‍ റഷ്യയെ ശിക്ഷിക്കാന്‍ സാമ്പത്തിക ഉപരോധം കൊണ്ടുവരാന്‍ എല്ലാ സഖ്യകക്ഷികളോടും വാഷിംഗ്ടണ്‍ ആഹ്വാനം ചെയ്തു.അധിനിവേശ ഭീതികള്‍ക്കിടയില്‍ കിഴക്കന്‍ യൂറോപ്പിലെ വിന്യാസത്തിനായി അധിക ജെറ്റുകളും കപ്പലുകളും അയക്കുമെന്ന് നാറ്റോ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബ്രസല്‍സില്‍ യോഗം നടന്നത്.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരായ കടുത്ത ഉപരോധം ശക്തിപ്പെടുത്തിയാല്‍ സ്വന്തം സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ജര്‍മ്മനി ആശങ്കപ്പെടുന്നതായി വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് ബ്രസല്‍സില്‍ പറഞ്ഞു.

റഷ്യന്‍ തെറ്റായ പ്രചാരണങ്ങള്‍ പോലുള്ള സൈബര്‍ ആക്രമണങ്ങളെയും ഹൈബ്രിഡ് ഭീഷണികളെയും പ്രതിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ഉക്രെയ്നെ പിന്തുണയ്ക്കുമെന്ന് ഇയു യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസെപ് ബോറെല്‍ പറഞ്ഞു. പിരിമുറുക്കം പരിഹരിക്കുന്നതില്‍ സംഭാഷണത്തിന്റെ പാത സ്വീകരിക്കാന്‍ റഷ്യയെ ബോധ്യപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ കൂട്ടായ ശ്രമങ്ങള്‍ തുടരുമെന്ന് ബോറെല്‍ പറഞ്ഞു.നയതന്ത്രം പരാജയപ്പെട്ടാല്‍ പ്രതികരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണെന്ന് ബോറെല്‍ പറഞ്ഞു.

പ്രതിസന്ധികള്‍ക്കിടയില്‍ ഉക്രെയ്ന്‍ വിടാന്‍ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് വാഷിംഗ്ടണും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രി, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നേതാക്കളുമായി ഉക്രെയ്നെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു.

ഉക്രെയ്ന്‍ ആക്രമിക്കുന്നത് വിനാശകരവും വേദനാജനകവും അക്രമാസക്തവും രക്തരൂക്ഷിതമായതുമായ കാര്യമാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.

വിദേശകാര്യ ഓഫീസ് ചില എംബസി ജീവനക്കാരെ ഉക്രെയ്നില്‍ നിന്ന് പുറത്താക്കിയപ്പോള്‍, സാഹചര്യം വളരെ ഇരുണ്ടതാണ്, എന്നാല്‍ യുദ്ധം അനിവാര്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധത്തിന്റെ ഒരു പാക്കേജ് സൃഷ്ടിക്കുന്നതില്‍ യുകെ മുന്നിലാണെന്നും ഉക്രെയ്നിന് പ്രതിരോധ ആയുധങ്ങള്‍ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാറ്റോ സൈന്യത്തെ സജ്ജരാക്കിയത് ശരിയാണന്നും ജോണ്‍സണ്‍ പറഞ്ഞു..

ഇതിനിടെ റഷ്യയുടെ സൈന്യം ഉക്രൈന്‍റെ അതിര്‍ത്തിയോട് വീണ്ടും അടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.

ജോസ് കുമ്പിളുവേലില്‍