അയർലൻഡും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നു
Saturday, January 22, 2022 11:09 AM IST
ഡബ്ലിൻ: കോവിഡിന്‍റെ ഒമിക്രോൺ വകഭേദം കൊടുങ്കാറ്റുപോലെ ലോകമെങ്ങും ആഞ്ഞടിക്കുന്പോൾ ഒരു രാജ്യം കൂടി മിക്ക കോവിഡ് നിയന്ത്രണങ്ങളും നീക്കി പുതിയ ചുവടുവയ്ക്കുന്നു.

നേരത്തെ ഇംഗ്ലണ്ട് മാസ്ക് അടക്കമുള്ള കോവിഡ് നിയന്ത്രണ ഉപാധികളെല്ലാം നീക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് അയർലൻഡും ശനിയാഴ്ച മുതൽ ഏതാണ്ട് മിക്ക കോവിഡ് നിയന്ത്രണ ഉപാധികളും പിൻവലിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതൽ ബഹുഭൂരിപക്ഷം നിയന്ത്രണങ്ങളും പിൻവലിക്കുമെന്നാണ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച യൂറോപ്പിലെ കോവിഡ് വ്യാപനത്തിന്‍റെ ഏറ്റവും കൂടിയ രണ്ടാമത്തെ നിരക്ക് അയർലൻഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. മികച്ച രീതിയിൽ വാക്സിനേഷൻ നടപ്പാക്കിയ രാജ്യം കൂടിയാണ് അയർലൻഡ്. അതുകൊണ്ടു തന്നെ കോവിഡ് ബാധിച്ചു ഗുരുതരമാകുന്ന കേസുകളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം എടുത്തത്.

ഒമിക്രോൺ കൊടുങ്കാറ്റിനെ നമ്മൾ അതിജീവിച്ചു എന്ന് ഇന്നലെ ടെലിവിഷനിൽ ജനങ്ങളോടായി നടത്തിയ പ്രഭാഷണത്തിൽ പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ പറഞ്ഞു. ഇതിനു മുന്പ് വളരെ ഇരുണ്ട ദിനങ്ങളിൽ നിങ്ങളോടു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇന്നു നല്ല തെളിച്ചമുള്ള ദിനമാണെന്നു അദ്ദേഹം പറഞ്ഞു.

കോവിഡ്19ന് എതിരേ ഏറ്റവും ജാഗ്രതയോടെ പോരാടിയ രാജ്യങ്ങളിലൊന്നാണ് അയർലൻഡ് എന്ന് അദ്ദേഹം ഒാർമിപ്പിച്ചു. യാത്രയിലും സഞ്ചാരികളെ സ്വീകരിക്കുന്നതിലുമെല്ലാം നമ്മൾ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. എന്നാൽ, ഇനി നിയന്ത്രണങ്ങൾ ഒന്നൊന്നായി പിൻവലിക്കുകയാണ്.

ബാറുകളും റസ്റ്ററന്‍റുകളും ഇനി രാത്രി എട്ടിന് അടയ്ക്കണമെന്ന നിബന്ധന ഉണ്ടാവില്ല. അടുത്ത മാസം നടക്കാനിരിക്കുന്ന റഗ്ബി ചാന്പ്യൻഷിപ്പിനു സ്റ്റേഡിയത്തിന്‍റെ പൂർണശേഷിയിൽ കാണികളെ അനുവദിക്കും. അതേസമയം, കടകളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഫെബ്രുവരി അവസാനം വരെ മാസ്ക് ധരിക്കണം എന്ന നിബന്ധന നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിക്കു ശേഷം മാസ്കും ഒഴിവാക്കാനാണ് ആലോചന.

വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കിയതിനു പിന്നാലെയാണ് കോവിഡിനെ ഇനി വലിയ ദുരന്തമായി കണക്കാക്കേണ്ടതില്ലെന്നും സാധാരണ ഫ്ളൂ പോലെ കണ്ടാൽ മതിയെന്നുമുള്ള ചിന്ത യൂറോപ്പിൽ ശക്തമായത്. ഒമിക്രോൺ തരംഗം ആഞ്ഞടിച്ചിട്ടും ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കുറഞ്ഞു നിൽക്കുന്നതു രാജ്യങ്ങൾക്കു കൂടുതൽ ആത്മവിശ്വാസം പകർന്നിട്ടുണ്ട്.

അതുകൊണ്ടാണ് കർശന നിയന്ത്രണങ്ങൾ ഇനി ആവശ്യമില്ലെന്ന നിലപാടിലേക്കു രാജ്യങ്ങൾ എത്തുന്നത്. കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുമെന്നാണ് കരുതുന്നത്.