യുക്മ ദേശീയ കലാമേള - സബ് ജൂനിയർ വിഭാഗം മത്സരങ്ങൾ
Thursday, December 30, 2021 11:02 AM IST
ലണ്ടൻ: പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ മൂന്നാം ദിവസമായ ഇന്ന് വ്യാഴാഴ്ച നെടുമുടി വേണു വെർച്വൽ നഗറിൽ വൈകുന്നേരം മൂന്നിനു സബ് ജൂനിയർ വിഭാഗത്തിലെ മത്സരങ്ങൾ ആരംഭിക്കും.

യു കെയിലും ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന യുക്മ ദേശീയ കലാമേള - 2021ലെ സബ് ജൂനിയർ വിഭാഗത്തിലെ ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ഡ്രംസ്, നാടോടി നൃത്തം പ്രസംഗം - മലയാളം, പ്രസംഗം - ഇംഗ്ലീഷ്, ഗിറ്റാർ, കീബോർഡ്‌, മോണോ ആക്ട്, പദ്യ പാരായണം, സോളോ സോങ്ങ്, വയലിൻ എന്നീ മത്സരങ്ങളായിരിക്കും ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്.

പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിൻ്റെ അഭിമാനം വാനോളമുയർത്തിക്കൊണ്ട്, അനശ്വര കലാകാരൻ നെടുമുടി വേണുവിന് ആദരവ് അർപ്പിച്ച് കൊണ്ട് അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ മൂന്നാം ദിവസത്തെ മത്സരങ്ങൾ സബ് ജൂനിയർ വിഭാഗത്തിലേതാണ്. ഇന്ന് വൈകുന്നേരം മുതൽ യുക്മയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജായ UUKMA യിലൂടെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്.

അലക്സ് വർഗീസ്