അഫ്ഗാനിസ്ഥാന് യൂറോപ്യന്‍ യൂണിയന്‍ 100 കോടി നല്‍കും
Friday, October 15, 2021 10:18 AM IST
ബ്രസല്‍സ്: അഫ്ഗാനിസ്ഥാന് ധനസഹായമായി നൂറുകോടി യൂറോ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. അഫ്ഗാനിസ്ഥാന്‍ വലിയ തകര്‍ച്ചയുടെ വക്കിലെന്ന് യു.എന്‍ മുന്നറിയിപ്പിന് പിന്നാലെയാണ് തീരുമാനം പുറത്തുവന്നിരിക്കുന്നത്. അഫ്ഗാന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ജി20 ഉച്ചകോടി ഓണ്‍ലൈനായി ചേരുന്നതിനിടെയാണ് പ്രഖ്യാപനം. യൂറോപ്യന്‍ യൂണിയന്‍ നേരത്തെ പ്രഖ്യാപിച്ച 300 മില്ല്യണ്‍ യൂറോയ്ക്ക് പുറമേയാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

വലിയ മാനുഷിക ദുരന്തത്തിന്‍റെ വക്കിലുള്ള രാജ്യത്തിന് താല്‍കാലിക ആശ്വാസമായാണ് നടപടിയെന്ന് യൂറോപ്യന്‍ കമീഷന്‍ മേധാവി ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ പറഞ്ഞു. നേരത്തെ 25~ 30 കോടി യൂറോയും ഇ.യു പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര സഹായ സംഘടനകള്‍ വഴിയാകും ഇവ വിനിയോഗിക്കുന്നതെന്നും ഇ.യു വ്യക്തമാക്കി.

അഫ്ഗാനിസ്താന്‍ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുവെന്നും രാജ്യത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു.

ഇറ്റലി ആതിഥേയത്വം വഹിച്ച യോഗത്തില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷീജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

അമേരിക്ക പിന്മാറിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറ്റ താലിബാന്‍ നയിക്കുന്ന സര്‍ക്കാര്‍ എല്ലാ അന്താരാഷ്ട്ര സഹായങ്ങളും തടഞ്ഞുവച്ചിരിക്കുകയാണ്.

-ജോസ് കുമ്പിളുവേലില്‍