ഡെല്‍റ്റ പേടിക്കിടെ ജര്‍മനിയില്‍ കൂടുതല്‍ ഇളവുകള്‍
Monday, July 12, 2021 9:09 PM IST
ബെര്‍ലിന്‍: കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയിരുന്ന വിവിധ നിയന്ത്രണങ്ങളില്‍ ജര്‍മനി ഇളവ് നല്‍കുകയാണ്. അതേസമയം, കൊറോണവൈറസിന്റെ ഡെല്‍റ്റ വകഭേദം രാജ്യത്ത് പടര്‍ന്നുപിടിക്കുകയും ചെയ്യുന്നു.

നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കോവിഡ് കേസുകളില്‍ ഭൂരിപക്ഷത്തിനും കാരണമാകുന്നത് ഡെല്‍റ്റ വകഭേദമാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുമോ എന്ന ആശങ്ക ശക്തമാണ്.

യുകെയില്‍ പ്രതിവാരം രോഗ വ്യാപന നിരക്ക് ലക്ഷത്തിന് 270 ആയി ഉയര്‍ന്നു കഴിഞ്ഞു. യുകെയിലെ രോഗവ്യാപനത്തിനു പ്രധാന കാരണം ഡെല്‍റ്റ വകഭേദമാണെന്നു കണ്ടെത്തിയിട്ടുമുണ്ട്. ഇതിനിടെയാണ് യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജര്‍മനി പിന്‍വലിച്ചതും.

അതേസമയം, ജര്‍മനിയില്‍ കൂടുതലാളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കിയ ശേഷം മാത്രമേ ഇളവുകള്‍ അനുവദിക്കാവൂ എന്ന വാദവും ശക്തമായി ഉയരുകയാണ്. വാക്സിനെടുത്തവര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുക കൂടി ചെയ്യുന്ന സാഹചര്യത്തില്‍ അനാവശ്യ അസമത്വത്തിനുള്ള സാഹചര്യം ഒഴിവാക്കണമെന്നും പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ