ആധുനിക ജര്‍മനിക്കു വേണ്ടി ഐക്യ ആഹ്വാനവുമായി സിഡിയു പ്രകടനനപത്രിക
Friday, June 25, 2021 4:37 PM IST
ബര്‍ലിന്‍: ചാന്‍സലര്‍ അംഗല മെര്‍ക്കലിന്‍റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ചാന്‍സലര്‍ സ്ഥാനാര്‍ഥിയുമായ ആര്‍മിന്‍ ലാഷെ, ബവേറിയന്‍ സഹോദര സംഘടനയായ ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയന്‍ നേതാവ് മാര്‍ക്കസ് സോഡര്‍ എന്നിവര്‍ ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്. "ആധുനിക ജര്‍മനിക്ക് ഒരുമിച്ചു നില്‍ക്കാം' എന്നതാണ് പ്രകടനപത്രികയുടെ ആപ്തവാക്യം.

പുതിയ നികുതി വര്‍ധന നിര്‍ദേശങ്ങളുണ്ടാകില്ലെന്നു പ്രഖ്യാപിക്കുന്ന പത്രികയില്‍ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള നടപടികളുടെ കാര്യത്തില്‍ വ്യക്തതയില്ല എന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

തുര്‍ക്കിക്കെതിരേ കടുത്ത നിലപാടുകള്‍ സ്വീകരിക്കുമെന്ന് ഉറപ്പു പറയുന്ന പത്രികയില്‍, ചൈനയ്ക്കെതിരേ ട്രാന്‍സ് അറ്റ്ലാന്‍റിക് സഖ്യത്തിനുള്ള ആഹ്വാനവും നടത്തുന്നുണ്ട്.

സെപ്റ്റംബര്‍ 16 ഞായറാഴ്ചയാണ് ജര്‍മനിയില്‍ പൊതുതെരഞ്ഞെടുപ്പ്. നാലാമൂഴം പൂര്‍ത്തിയാക്കി ചാന്‍സലര്‍ മെര്‍ക്കല്‍ സ്ഥാനമൊഴിയുന്ന ഘട്ടത്തില്‍ മെര്‍ക്കലിന്റെ പിന്‍ഗാമി ആരെന്നുള്ള ഉദ്വേഗം ഉരുത്തിരിയുന്ന തെരഞ്ഞെടുപ്പാണിത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ