കൂട്ടായ്മയുടെ കരുത്തിൽ കരുതൽ സ്പർശ്വവുമായി വീണ്ടും യുണൈറ്റഡ് സ്കോട്ട്ലൻഡ് മലയാളി (യുസ്മ)
Wednesday, June 2, 2021 11:48 AM IST
എഡിൻബറോ: നാട്ടിലുടനീളം വീണ്ടും കരുതലിന്‍റെ സഹായ ഹസ്തവുമായി യുണൈറ്റഡ് സ്കോട്ട്ലൻഡ് മലയാളി. കേരളക്കരയാകെ കോവിഡ് മഹാമാരിയുടെ രണ്ടാം താണ്ഡവത്തിൽ പകച്ചു നിന്നപ്പോൾ കേരളത്തിലങ്ങോളമിങ്ങോളം കാരുണ്യ കരസ്പർശനമായി നിന്ന ഇൻഡ്യൻ മെഡിക്കൽ അസോസിയേഷന്‍റെ ഐ സേഫ് 2 ന്‍റെ പങ്കാളികളായി യുണൈറ്റ്ഡ് സ്കോട്ട്ലൻഡ് മലയാളി അസോസിയേഷനും രംഗത്ത്.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള നഗര ഗ്രാമപ്രദേശങ്ങളിലുടനീളം പൾസോക്സി മീറ്ററെത്തിക്കാൻ കഴിഞ്ഞതിന്‍റെ ചാരിതാർത്ഥ്യത്തിലാണ് യുസ്മ .
യുസ്മ എന്ന താരതമ്യേന ചെറിയ അംഗബലമുള്ള സംഘടന ഏകദേശം അഞ്ച് ലക്ഷം രൂപ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ച് ഐ എം എ (ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ) യുടെ ഐ സേഫിന്‍റെ രണ്ടാം ഘട്ട സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗഭാക്കായിമാറി.

യുണൈറ്റഡ് സ്കോട്ട്ലൻഡ് മലയാളിയുടെ ശ്രമഫലമായി 500 പൾസോക്സി മീറ്ററുകളും (കേരളത്തിലെ എല്ലാ ജില്ലകളിലും ) 9 ഓക്സിജൻ കോൺസൻട്രേറ്ററുകളും (തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, വയനാട്, കോഴിക്കോട്, മലപ്പുറം) നല്കുവാൻ സാധിച്ചു.

ഗ്ലാസ്ഗോ ഹിന്ദു മന്ദിറും , യുണൈറ്റഡ് സ്കോട്ലാൻഡ്‌ മലയാളി അസോസിയേഷനും, അസോസിയേഷൻ ഓഫ് ഇൻഡ്യൻ ഓർഗനൈസേഷൻസും സംയുക്തമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രധാനമായും കോവിഡ് മഹാമാരിയിൽ നട്ടം തിരിഞ്ഞ ബീഹാർ,ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ് നാട് എന്നിവിടങ്ങളിലെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു.

സ്കോട്ട്‌ലൻഡിലെ ഇന്ത്യൻ പ്രവാസ സമൂഹം കോവിഡ് 19 തരംഗത്തിലെ കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയുമിടയിൽ പൊതുജനോപകാരപ്രദമായ സഹായ സംരംഭങ്ങളുടെ ഭാഗമായി ഇന്ത്യൻ വംശജരായ സമാന ചിന്താഗതിക്കാരായ മൂന്ന് സ്കോട്ടിഷ് ചാരിറ്റികൾ ഗ്ലാസ്ഗോ ഹിന്ദു മന്ദിർ, അസോസിയേഷൻ ഓഫ് ഇന്ത്യൻ ഓർഗനൈസേഷൻസ്, യുണൈറ്റഡ് സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ സംയുക്തമായി പ്രാദേശിക ലോക്ക്ഡൗണിന്‍റെ ആദ്യ നാളുകളിൽ കൈകോർത്ത് പ്രവർത്തിച്ചിരുന്നു.

വന്ദേ ഭാരത് മിഷനിലൂടെ സ്കോട്ട്ലൻഡിൽ കുടുങ്ങിക്കിടക്കുന്ന അന്തർദ്ദേശീയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനും , താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും, നിത്യോപയോഗ സാധന ലഭ്യതയിലും സഹായിച്ചിരുന്നു. രണ്ടാം തരംഗത്തിൽ
കേരളത്തിലെയും ദേശീയ തലത്തിലെയും ഐ‌എം‌എ ഉദ്യോഗസ്ഥരുമായി അടുത്ത ആശയവിനിമയം നടത്താനും നിലവിലുള്ള കോവിഡ് പരിചരണത്തെ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം പൾസ് ഓക്സിമീറ്ററുകളും ഓക്സിജൻ കോൺസൻ ട്രേറ്ററുകളും ആണ് എന്ന തിരിച്ചറിവിൽ 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും (10 ബീഹാറിലേക്കും 9 എണ്ണം കേരളത്തിലേക്കും, ഒരെണ്ണം തമിഴ്നാട്ടിലേക്കും ) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക്
( ബീഹാർ, ന്യൂഡൽഹി, പഞ്ചാബ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം)1100 പൾസ് ഓക്സിമീറ്ററുകളും നല്കാൻ നാളിതു വരെയായിസാധിച്ചിട്ടുണ്ട്.ഗ്ലാസ്‌ഗോ ഹിന്ദു മന്ദിർ 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 500 പൾസ് ഓക്‌സിമീറ്ററുകളും നല്കി ഈ സംരംഭത്തിന്റെ സുപ്രധാന പങ്കു വഹിച്ചു എന്നതും പ്രശംസനീയമായ കാര്യമാണ്. അസോസിയേഷൻ ഓഫ് ഇന്ത്യൻ ഓർഗനൈസേഷൻ 100 പൾസ് ഓക്സിമീറ്ററുകളും യുണൈറ്റഡ് സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ 500 പൾസ് ഓക്സിമീറ്ററുകളും സംഭാവന ചെയ്തു.

ഐ എം എ കേരള ഐ - സേഫ് 2 പദ്ധതിയുടെ ഉദ്ഘാടനം കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി നടന്ന വിതരണോദ്ഘാടന ചടങ്ങുകൾ ഭരണ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും മന്ത്രിമാരും ചേർന്ന് നിർവ്വഹിച്ചു.