ജര്‍മനിയില്‍ ചെറുപ്പക്കാര്‍ക്ക് വാക്സിനേഷന്‍ ജൂണ്‍ 7 മുതല്‍
Friday, May 28, 2021 10:06 PM IST
ബര്‍ലിന്‍: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പന്ത്രണ്ടും അതില്‍ കൂടുതലും പ്രായമുള്ള കൊറോണ വാക്സിനേഷന്‍ ജൂണ്‍ 7 ന് ആരംഭിക്കുമെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരം ലഭിച്ചാലുടന്‍ ഫൈസര്‍ ബയോണ്‍ടെക് വാക്സിനാവും നല്‍കുക. വേനല്‍ക്കാലം അവസാനിക്കുമ്പോള്‍, ജര്‍മ്മനിയില്‍ 12 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കിയിരിക്കുമെന്നും സ്കൂളുകളില്‍ നിര്‍ബന്ധിത വാക്സിനേഷന്‍ ഇല്ലെന്നും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിനെ ആശ്രയിച്ചിട്ടില്ലെന്നും
ജൂണ്‍ 7 മുതല്‍ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും വാക്സിനേഷനായി റജിസ്റ്റർ ചെയ്യാമെന്നും ചാന്‍സലര്‍ മെര്‍ക്കല്‍ പറഞ്ഞു.

ജര്‍മനിയില്‍ ഇതുവരെ നടന്ന വാക്സിനേഷന്‍ പ്രകിയയില്‍ 3,4,5,39,579 ആളുകള്‍ക്ക് അതായത് ജനസംഖ്യയുടെ (41.5%) പേര്‍ക്ക് ആദ്യകുത്തിവയ്പ്പ് ലഭിച്ചിട്ടുണ്ട്. 13,053,626 പേര്‍ (15.7%) പൂര്‍ണ്ണമായും വാക്സിനേഷന്‍ പൂർത്തിയാക്കിയിട്ടുണ്ട്.

2020 അവസാനം മുതലാണ് ജര്‍മനിയില്‍ കോവിഡിനെതിരായ കുത്തിവയ്പ്പുകള്‍ ആരംഭിച്ചത്. ആദ്യം ബയോടെക്കില്‍ നിന്നുള്ള വാക്സിനും പിന്നീട് മോഡേണ, അസ്ട്രാസെനെക്ക, ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകളും നല്‍കിത്തുടങ്ങി.സമ്പൂര്‍ണ്ണ വാക്സിനേഷന്‍ പരിരക്ഷയ്ക്കായി ഒരാള്‍ക്ക് ബയോടെക്, അസ്ട്രാസെനെക്ക, മോഡേണ എന്നിവയില്‍ നിന്നുള്ള വാക്സിനുകള്‍ ഉപയോഗിച്ച് ആദ്യത്തേത് മാത്രമല്ല രണ്ടാമത്തെ വാക്സിനേഷനും ആവശ്യമാണ്. ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വാക്സിന്‍ ഒരു തവണ സ്വീകരിച്ചാൽ മതി എന്ന പ്രത്യേകതയും ഉണ്ട്.

ജര്‍മനിയിലെ 16 സംസ്ഥാനങ്ങളിലും 2020 ഒക്ടോബറിനു ശേഷം ഏറ്റവും കുറഞ്ഞ ഇന്‍സിഡെന്‍സ് റേറ്റ് രേഖപ്പെടുത്തി. ആര്‍കെഐ റിപ്പോര്‍ട്ട് പ്രകാരം 6313 പുതിയ അണുബാധകളും 269 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍സിഡെന്‍സ് റേറ്റ് 41 ആയി രേഖപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ