റഹ്‌മെ, കോവിഡിനെതിരെ ജാഗരണ പ്രാർത്ഥനയുമായി ബ്രിട്ടനിലെ മലങ്കര കത്തോലിക്കാ സഭ
Saturday, May 1, 2021 4:19 PM IST
ലണ്ടൻ: കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ യുകെയിലെ മലങ്കര കത്തോലിക്കാ സഭ മെയ്‌ ഒന്നു മുതൽ 23 വരെ പ്രത്യേക പ്രാർത്ഥനാ യജ്ഞം ക്രമീകരിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസത്തിൽ മഹാമാരിയുടെ ശമനത്തിനായി ജപമാല ചൊല്ലിയും ദൈവകരുണ പ്രത്യേകം യാചിച്ചും എല്ലാ കത്തോലിക്കാ വിശ്വാസികളും പ്രാർത്ഥിക്കണം എന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തോട് ചേർന്നു നിന്നു കൊണ്ടാണ് "റഹ്‌മെ' (കരുണ എന്നർത്ഥമുള്ള സുറിയാനി പദം) എന്ന പേരിൽ പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്.

മെയ്‌ ഒന്ന് മുതൽ 21 വരെ ദിവസങ്ങളിൽ വൈകിട്ട് എട്ടിന് ജപമാല പ്രാർത്ഥനയും തുടർന്ന് സന്ധ്യായാമ നമസ്കാരവും യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ പത്തൊൻപത് മിഷനുകളുടെയും എംസിവൈഎം, മാതൃസംഘം എന്നീ ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ നടത്തും. ഫാ. തോമസ് മടുക്കുമ്മൂട്ടിൽ, ഫാ. രഞ്ജിത് മടത്തിറമ്പിൽ, ഫാ. ജോൺ അലക്സ്‌ പുത്തൻവീട്, ഫാ. ജോൺസൻ മനയിൽ, ഫാ. മാത്യു നെരിയാട്ടിൽ എന്നിവർ ഓരോ ദിവസങ്ങളിലെയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. മലങ്കര കത്തോലിക്കാ സഭയുടെ സൂത്താറാ നമസ്കാരത്തിന്റെ ഭാഗമായ "പട്ടാങ്ങപ്പെട്ട തമ്പുരാനെ'എന്ന ("സത്യവാനായ ദൈവമേ ഞങ്ങളെ രക്ഷിക്കണമേ" എന്നാരംഭിക്കുന്ന യാചന) ശക്തമായ വിടുതൽ പ്രാർത്ഥന ഈ പ്രാർത്ഥനയോടൊപ്പം ചൊല്ലുന്നതാണ്. പെട്ടന്നുള്ള മരണം, മിന്നലുകൾ, ഇടികൾ, വസന്തകൾ, കഠിന പീഡകൾ എന്നിങ്ങനെ മുപ്പത്തിയൊൻപത് ഭൗമീകവും ആത്മീയവുമായ അപകടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന് നൂറ്റാണ്ടുകളായി അനേക തലമുറകൾ രാത്രിയുടെ യാമങ്ങളുടെ ആരംഭത്തിൽ ഉറങ്ങും മുൻപ് ചൊല്ലുന്ന ഈ മനോഹരമായ പ്രാർത്ഥന മലങ്കര ആരാധനക്രമത്തിന്റെ പ്രത്യേക സൗന്ദര്യത്തിന്‍റേയും ശക്തിയുടെയും ദൃഷ്ടാന്തമാണ്.

മെയ്‌ 22, ശനിയാഴ്ച വൈകിട്ട് എട്ടിനു സുവിശേഷസംഘത്തിന്‍റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. പെന്തികോസ്തി തിരുനാൾ ദിനമായ മെയ്‌ 23, ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ കോഓർഡിനേറ്റർ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ പെന്തികോസ്തിപെരുന്നാളിന്‍റെ ശുശ്രൂഷകൾ നടത്തുകയും തുടർന്നു വി. കുർബാന അർപ്പിക്കുകയും ചെയ്ത് 23 ദിവസം നീണ്ടു നിൽക്കുന്ന "റഹ്‌മെ* എന്ന പ്രത്യേക ജാഗരണ കാലം സമാപിപ്പിക്കും. യൂറോപ്പിലെ മലങ്കര സമൂഹത്തിന്‍റെ അപ്പസ്തോലിക വിസിറ്റർ ആയ ആബൂൻ മാർ തിയഡോഷ്യസിന്റെ പ്രത്യേക താല്പര്യവും മലങ്കര സഭാ തലവൻ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് ബാവായുടെ ആശീർവാദവും ഈ ശുശ്രൂഷകൾക്കുണ്ട്.

റിപ്പോർട്ട്: ഫാ. മാത്യു നെരിയാട്ടിൽ