"ലോക്ഡൗണി'ല്‍ ജര്‍മന്‍ സര്‍ക്കാരിന് ആശയക്കുഴപ്പം
Friday, April 9, 2021 9:26 PM IST
ബെര്‍ലിന്‍: പൂർണതോതിലുള്ള ലോക്ഡൗണ്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട ആലോചനയാണ് ജർമിനിയിൽ നടക്കുന്നത്. ഏപ്രില്‍ 12 ന് (തിങ്കൾ) ആസൂത്രണം ചെയ്ത മുഖ്യമന്ത്രിമാരുടെ സമ്മേളനം ആവശ്യമില്ലെന്നും പാര്‍ലമെന്‍ററി ഗ്രൂപ്പുകള്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്യണമെന്നുമാണ് ചാന്‍സലര്‍ മെര്‍ക്കല്‍ ആഗ്രഹിക്കുന്നത്. ഈസ്റ്റര്‍ വാരാന്ത്യത്തിനു ശേഷം, ഇതു സംബന്ധിച്ച് എന്തു തീരുമാനം കൈക്കൊള്ളണമെന്ന കാര്യത്തിൽ സംസ്ഥാന നേതാക്കളും ഫെഡറല്‍ സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഇപ്പോഴും നിലനില്‍ക്കുകയാണ്.

അതേസമയം ലോക്ക്ഡൗണ്‍ ബുണ്ടെസ്ററാഗിലൂടെ നടത്തിയെടുക്കാനാണ് ചാന്‍സലര്‍ ആഗ്രഹിക്കുന്നതെന്ന് ചില റിപ്പോർട്ടുകളുണ്ട്. അതിനായി രാജ്യവ്യാപകമായി പരിമിതമായ നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ എന്ന നിര്‍ദ്ദേശവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

വാക്സിനേഷനില്‍ മന്ദഗതിയിലായിരുന്ന ജര്‍മനി ഒരു ദിവസം റിക്കാര്‍ഡ് 656,000 ജാബുകളുമായി വാക്സിനേഷന്‍ ഡ്രൈവ് ശക്തമാക്കി. കുടുംബ ഡോക്ടര്‍മാര്‍ക്ക് ജാബുകള്‍ നല്‍കാന്‍ അനുവദിച്ചതിനുശേഷം ഒരു ദിവസത്തിനുള്ളില്‍ രാജ്യം റിക്കാർഡ് എണ്ണം നേടിയിരിക്കുകയാണ്. ആദ്യദിവസത്തേക്കാള്‍ 2,90,000 കൂടുതല്‍ ഡോസുകള്‍ നല്‍കിയാണ് 656,000 ല്‍ എത്തിയതെന്ന് റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

35,000 ഹൗസ് ഡോക്ടര്‍മാരുടെ പ്രാക്ടീസുകള്‍ വഴിയാണ് രാജ്യത്തുടനീളം വാക്സിനേഷന്‍ പ്രചാരണത്തിന്‍റെ വേഗത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഡിസംബര്‍ 27 ന് റോള്‍ഔട്ട് ആരംഭിച്ചതിനുശേഷം മൊത്തം 16.26 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഏകദേശം 14 ശതമാനം ആളുകള്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. കഴിഞ്ഞ ദിവസം ഇത് 13 ശതമാനമായിരുന്നു. ജനസംഖ്യയുടെ ഏതാണ്ട് ആറ് ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയയ്ക്ക് ഹൗസ് ഡോക്ടര്‍മാര്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിച്ചതിനുശേഷം റാങ്കിംഗ് മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. ഇപ്പോള്‍ ഇത് ദേശീയ ശരാശരി 13.8 ശതമാനമാണ്. എന്നാല്‍ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഫൈസര്‍ ബയോടെക് വാക്സിന്‍ ഡെലിവറി ഫെഡറല്‍ സര്‍ക്കാര്‍ പകുതിയാക്കി. അടുത്ത രണ്ട് ആഴ്ചകളില്‍, പ്രാക്ടീസുകളില്‍ ലഭിച്ച ഡോസുകള്‍ തീര്‍ന്നേക്കുമെന്ന ഭീഷണി ഉയരുന്നുണ്ട്.

അതേസമയം ജര്‍മനിയുടെ ആവശ്യത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ആരോഗ്യമന്ത്രി സ്പാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്യന്‍ യൂണിയന്‍റെ അംഗീകാരമുണ്ടായാല്‍, കൊറോണ വാക്സിന്‍ സ്പുട്നിക് വി വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഫെഡറല്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ റഷ്യയെ ഉഭയകക്ഷി ചര്‍ച്ചക്കു ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24,242 പുതിയ അണുബാധകളും 306 മരണങ്ങളും ആര്‍കെഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സിഡെന്‍സ് റേറ്റ് 105.7 ആണ്. അതേസമയം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 29,51.814 ഉം മരണനിരക്ക് 78,473 ഉം ആണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ