ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
Friday, April 9, 2021 8:58 PM IST
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബര്‍ഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ്) ഫിലിപ് രാജകുമാരന്‍(99) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ വിന്‍ഡ്സര്‍ കാസിലില്‍ ആയിരുന്നു അന്ത്യം. ബ്രിട്ടിഷ് രാജകുടുംബമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അണുബാധയെ തുടര്‍ന്ന് ഫിലിപ്പ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ ധമനികളിലെ തടസവും നിരവധി രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്ന അദ്ദേഹം സുഖം പ്രാപിച്ചതിനെതുടർന്നു പിന്നീട് ആശുപത്രി വിട്ടു.

ഗ്രീക്ക് ഡാനിഷ് കുടുംബത്തില്‍ 1921 ജൂണ്‍ 10 ന് ഗ്രീക്ക് ദ്വീപായ കോര്‍ഫുവിലാണ് ഫിലിപ്പ് രാജകുമാരന്‍റെ ജനനം. പിതാവ് ഗ്രീസിന്‍റേയും ഡെന്‍മാര്‍ക്കിന്‍റേയും ആന്‍ഡ്രൂ രാജകുമാരനാണ്.മാതാവ് ആലീസ് രാജകുമാരി ലൂയിസ് മൗണ്ട് ബാറ്റൺ പ്രഭുവിന്‍റേയും വിക്ടോറിയ രാജ്ഞിയുടെയും ചെറുമകളുമാണ്.

ബ്രിട്ടീഷ് നാവികസേനാംഗമായിരുന്ന ഫിലിപ്പ് രാജകുമാരൻ, രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1947 നവംബര്‍ 20 നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്.1952 ല്‍ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതല്‍ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു. 150 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 14 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേംബ്രിജ്, എഡിന്‍ബറ തുടങ്ങിയ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വഹിച്ചിട്ടുണ്ട്. പരിസ്ഥിതി, വ്യവസായം, സ്പോര്‍ട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരി, പ്രസിഡന്‍റ്; അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ച ശേഷം 2017 ഓഗസ്റ്റില്‍ ഫിലിപ് 65 വര്‍ഷം നീണ്ട പൊതു ജീവിതത്തില്‍നിന്നു വിടവാങ്ങുകയും ചെയ്തിരുന്നു. 1997ല്‍ കേരളം സന്ദര്‍ശിച്ചിരുന്നു.

ഫിലിപ്പ് രാജകുമാരനും ഭാര്യ എലിസബത്ത് രാജ്ഞിക്കും നാല് മക്കളും എട്ട് കൊച്ചുമക്കളും 10 കൊച്ചുമക്കളും ഉണ്ട്. ആദ്യ മകന്‍, വെയില്‍സ് രാജകുമാരനായ ചാള്‍സ് രാജകുമാരന്‍, 1948 ല്‍ ജനിച്ചു, തുടര്‍ന്ന് ആന്‍ രാജകുമാരി 1950 ലും, യോര്‍ക്ക് ഡ്യൂക്ക് ആന്‍ഡ്രൂ രാജകുമാരന്‍ 1960 ലും വെസെക്സിന്‍റെ പ്രഭു, എഡ്വേര്‍ഡ് രാജകുമാരന്‍ 1964 ലുമാണ് ജനിച്ചത്.

ഫിലിപ്പ് രാജകുമാരന്‍റെ വിയോഗത്തിൽ വിവിധ ലോകനേതാക്കള്‍ അനുശോചിച്ചു.
എണ്ണമറ്റ ചെറുപ്പക്കാരുടെ ജീവിതത്തിന് പ്രചോദനമായിരുന്നു രാജകുമാരന്‍റെ ജീവിതമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ