വാക്സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ ധാരണ
Saturday, March 27, 2021 2:44 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ ആവശ്യാർഥം കോവിഡ് വാക്സിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ യൂണിയന്‍ നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരുക എന്നത് അനിവാര്യമാണെന്ന് യോഗത്തിനു ശേഷം യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ചാള്‍സ് മിച്ചല്‍ വ്യക്തമാക്കി. ഉത്പാദനത്തിനൊപ്പം വിതരണവും വര്‍ധിപ്പിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ വാക്സിന്‍ ക്ഷാമം നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി അംഗരാജ്യങ്ങളിലെ പ്ളാന്‍റുകളില്‍ ഉത്പാദിപ്പിക്കുന്ന വാക്സിന്‍, യൂണിയനു പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത് കര്‍ക്കശമായി നിയന്ത്രിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു.

വാക്സിന്‍ ഉത്പാദനത്തിന്‍റേയും വിതരണത്തിന്‍റേയും കാര്യത്തില്‍ യുകെ, യുഎസ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളെക്കാള്‍ വളരെ പിന്നിലാണ് യൂറോപ്യന്‍ യൂണിയന്‍ എന്നാണ് വിലയിരുത്തല്‍.

അതിനിടെ വാക്സിന്‍ വിതരണം വര്‍ധിപ്പിക്കാന്‍ അസ്ട്രസെനക്ക മതിയായ നടപടികള്‍ സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. വാഗ്ദാനം ചെയ്ത അളവില്‍ ഡോസുകള്‍ ലഭ്യമാക്കണമെന്നും അംഗരാജ്യങ്ങളുമായുള്ള കരാറിനെ മാനിക്കാന്‍ അസ്ട്രസെനക്ക തയാറാകണമെന്നും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗത്തിനു ശേഷം പ്രസിഡന്‍റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഇനി അജ്ഞത ഉണ്ടാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍