മലയാളം മിഷൻ യുകെ ചാപ്റ്റർ മലയാളം ഡ്രൈവിൽ പ്രഭാഷണം 9 ന്
Friday, January 8, 2021 6:55 PM IST
ലണ്ടൻ: മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനും മാധ്യമ പ്രവർത്തകനുമായ ഡോ. പി.കെ. രാജശേഖരൻ പ്രഭാഷണം നടത്തുന്നു.

ജനുവരി 9 ന് (ശനി) വൈകുന്നേരം നാലിന് "മലയാള സാഹിത്യവും ചലച്ചിത്ര ലോകവും' എന്ന വിഷയത്തിലാണ് പ്രഭാഷണം. മലയാളം മിഷൻ യുകെ ചാപ്റ്ററിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഈ പ്രഭാഷണത്തിൽ എല്ലാവർക്കും പങ്കെടുക്കാം.

2020 ഡിസംബർ 20 മുതൽ ഇദ്ദേഹത്തിന്‍റെ സംവാദം ഫേസ്ബുക്ക് ലൈവിലൂടെ തുടങ്ങിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനാലാണ് വീണ്ടും ആ പ്രഭാഷണം സംപ്രേക്ഷണം ചെയ്യുന്നത്. മലയാള സാഹിത്യത്തിന്‍റേയും ചലച്ചിത്രത്തിന്‍റേയും ഭാഷ വ്യത്യസ്തമാണ് എങ്കിലും സാഹിത്യത്തെ അടിസ്ഥാനമാക്കി സിനിമയെടുത്ത് വിജയിപ്പിച്ചവരുടെയും കൈ പൊള്ളിയവരുടേയും ചരിത്രം ഡോ. രാജശേഖരൻ വിവിധ സിനിമ ശകലങ്ങളുടെ അകമ്പടിയോടെ വരച്ചുകാട്ടുന്നു. അനുകല്പനത്തിന്‍റെ സാധ്യതകളും പ്രയാസങ്ങളും വരച്ചുകാട്ടുന്ന ഈ പ്രഭാഷണം സിവി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിൽ തുടങ്ങി, തകഴിയുടെ രണ്ടിടങ്ങഴി, ചെമ്മീൻ എന്നീ നോവലുകളിലൂടെ സഞ്ചരിച്ച് പാറപ്പുറത്തിന്‍റെ അരനാഴികനേരം, അന്വേഷിച്ചു കണ്ടെത്തിയില്ല, പണിതീരാത്ത വീട് എന്നീ അനുകല്പനങ്ങളിലൂടെ മലയാളിയുടെ വായനാ ശീലത്തിന് മറ്റൊരു മാനം നൽകിയ മുട്ടത്തു വർക്കിയുടെ ഫോർമുല നോവലുകളിലെത്തി കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയെ പറ്റി പ്രതിപാദിച്ചു. വീണ്ടും ഉറൂബ്, പി. ഭാസ്കരൻ, എംടി, പി. പത്മരാജൻ, ഒ.വി. വിജയൻ എന്നിവരിലൂടെ ആ പ്രഭാഷണത്തിന്‍റെ അരുവി ഒഴുകുന്നു.

ബഷീറിന്‍റെ നോവലായ മതിലുകൾ ഒരു ക്ലാസിക് സിനിമയാക്കിയ അടൂർ ഗോപാലകഷ്ണന്‍റെ ഭാസ്കരപ്പട്ടേലരേയും ഡോ. രാജശേഖരൻ ഈ പ്രഭാഷണത്തിലൂടെ വരച്ചുകാട്ടുന്നു. മലയാള ഭാഷയെ നൃത്തം ചെയ്യിച്ച കവിയായ ചങ്ങമ്പുഴയുടെ രമണൻ കുമാരനാശാന്‍റെ കരുണ തുടങ്ങിയ കവിതകളും, സി.വി. ശ്രീരാമന്‍റെ വാസ്തുഹാര എന്ന ചെറുകഥയും സിനിമക്ക് കാരണമായ ചരിത്രം അദ്ദേഹം പ്രഭാഷണത്തിലൂടെ വരച്ചുകാട്ടുന്നു. സാഹിത്യത്തിന്‍റേയും സിനിമയുടെയും ഭാഷാ വ്യത്യസ്തതകൾ നിലനിൽക്കെ തന്നെ അവ തമ്മിൽ ചെലുത്തിയ സ്വാധീനങ്ങൾ കുറഞ്ഞ സമയത്ത് സിനിമ ശകലങ്ങൾ ചേർത്ത് നടത്തുന്ന പ്രഭാഷണം തീർച്ചയായും നമ്മെ ഗൃഹാതുരത്വത്തിലേക്ക് നയിക്കും.

പ്രശസ്ത എഴുത്തുകാരനും സാഹിത്യവിമർശകനും പത്രപ്രവർത്തകനുമായി അറിയപ്പെടുന്ന ഡോ.പി.കെ. രാജശേഖരൻ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട് . സാഹിത്യ നിരൂപണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ വിലാസിനി പുരസ്കാരവും ലഭിച്ചിട്ടുണ്ട് .

കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള രാജശേഖരൻ മാതൃഭൂമി ന്യൂസ് എഡിറ്ററുമായിരുന്നു. പിതൃഘടികാരം: ഒ.വി. വിജയന്‍റെ കലയും ദർശനവും, അന്ധനായ ദൈവം: മലയാള നോവലിന്റെ നൂറുവർഷങ്ങൾ, ഏകാന്തനഗരങ്ങൾ: ഉത്തരാധുനിക മലയാളസാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം, കഥാന്തരങ്ങൾ: മലയാള ചെറുകഥയുടെ ആഖ്യാനഭൂപടം, നിശാസന്ദർശനങ്ങൾ, വാക്കിന്റെ മൂന്നാംകര, നരകത്തിന്‍റെ ഭൂപടങ്ങൾ, എന്നിവയാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. പി.കെ. രാജശേഖരന്‍റെ പ്രധാന കൃതികൾ.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്‍റെ ഭാഗമായി ഫെബ്രുവരി 14 ന് വാലൻ്റൈൻസ് ദിനത്തിൽ അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ആഴ്ചകളിൽ നടത്തിയിരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത് . ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകാരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

മലയാളം അധ്യാപകർക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പരിപാടികളും ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റ് സി.എ. ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

സംപ്രേഷണത്തിൽ തത്സമയം പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/