വാഹന മേഖലക്ക് സഹായഹസ്തവുമായി ജർമനിയുടെ മൂന്നു ബില്യൺ യൂറോ
Thursday, November 19, 2020 9:18 PM IST
ബര്‍ലിന്‍: കോവിഡ് പ്രതിസന്ധിക്കിടെ ഏറ്റവുമധികം വെല്ലുവിളികള്‍ നേടുന്ന രാജ്യത്തെ വാഹന നിര്‍മാണ മേഖലയെ സഹായിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ മൂന്നു ബില്യൺ യൂറോ കൂടി മാറ്റി വയ്ക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സബ്സിഡി നീട്ടുന്നതിനും ജീവനക്കാരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും വാഹന നിര്‍മാതാക്കളുടെ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ ഐജി മെറ്റലിന്‍റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

വാഹന നിര്‍മാണ മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഘടനാപരമായ മാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് മെര്‍ക്കലിന്‍റെ വക്താവ് സ്ററീഫന്‍ സീബര്‍ട്ട് പറഞ്ഞു. നിലവിലുള്ള സാമ്പത്തിക രക്ഷാ പാക്കേജിന്‍റെ ആനുകൂല്യം ഓട്ടോ പാര്‍ട്സ് നിർമാതാക്കൾക്കും ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ