യുക്മ കലണ്ടർ ഡിസംബർ പകുതിയോടെ പുറത്തിറങ്ങും
Monday, November 16, 2020 8:42 PM IST
ലണ്ടൻ: യുക്മ മലയാളി അസോസിയേഷൻ കഴിഞ്ഞ പത്തുവർഷങ്ങളായി വിതരണം ചെയ്തുവരുന്ന "യുക്മ കലണ്ടർ 2021' ഡിസംബർ മധ്യത്തോടെ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണങ്ങളില്‍ പ്രിന്‍റു ചെയ്ത സ്പൈറല്‍ കലണ്ടര്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ തികച്ചും സൗജന്യമായാണ് ഈ വര്‍ഷവും വിതരണം ചെയ്യുന്നത്. പതിനയ്യായിരം കലണ്ടറുകളാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. യുകെ യിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടറിൽ കലണ്ടര്‍ തയ്യാറാക്കുന്നതിനും വിതരണത്തിനും യുക്മയെ സഹായിക്കുന്ന യുകെ മലയാളി സംരംഭകരുടെ വിവരങ്ങളും സേവനങ്ങളും ലഭ്യമാണ്.

2021ലെ എല്ലാ മാസങ്ങളിലും യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ഒരു നൂതന സമ്മാന പദ്ധതിയും സൗജന്യമായിത്തന്നെ യുക്മ ഒരുക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്രാന്‍ഡ് ന്യൂ കാര്‍ സമ്മാനമായി നല്‍കിയിരുന്ന യുക്മ യു-ഗ്രാന്‍റ് ലോട്ടറി കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇത്തവണ നടത്താനായില്ല. എന്നാല്‍ അതിനു പകരമായി 2021ല്‍ എല്ലാ മാസവും നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കത്തക്ക വിധത്തിലുള്ള സൗകര്യമാണ് യുക്മ ഒരുക്കിയിട്ടുള്ളത്. യുക്മ യു-ഗ്രാന്‍റ് ലോട്ടറിക്ക് പത്ത് പൗണ്ട് ആയിരുന്നുവെങ്കില്‍ തികച്ചും സൗജന്യമായിട്ടാണ് കലണ്ടറിനൊപ്പമുള്ള സമ്മാനപദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു സാധാരണ മലയാളി കുടുംബത്തിന് അത്യാവശ്യം ബന്ധപ്പെടേണ്ടി വരുന്ന സേവന ദാതാക്കളെയാണ് ഈ വര്‍ഷവും യുക്മ കലണ്ടറില്‍ കൂടി പരിചയപ്പെടുത്തുന്നത്. യുകെയിലെ ഇന്‍ഷ്വറന്‍സ് രംഗത്തെ പ്രമുഖ മലയാളി സംരംഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസും നാട്ടിലേക്ക് ചുരുങ്ങിയ ചെലവില്‍ ഏറ്റവും വേഗം പണം അയയ്ക്കുന്നതുൾപ്പെടെ നിരവധി സേവനങ്ങള്‍ ചെയ്തു തരുന്ന മുത്തൂറ്റ് ഗ്ലോബല്‍, യുകെയിലെ പ്രമുഖ മലയാളി സോളിസിറ്റേഴ്സ് ആയ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, പ്രമുഖ നഴ്സിംഗ് റിക്രൂട്ട്മെന്‍റ് സ്ഥാപനം എന്‍വിരറ്റ്സ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ്, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും മറ്റും ഉപകാരപ്രദമായ സേവനം ചെയ്യുന്ന സീ-കോം അക്കൗണ്ടന്‍സി സര്‍വീസ്, യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്യൂഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്സ്, പ്രമുഖ ആക്സിഡന്‍റ് ക്ലെയിം കമ്പനിയായ ഷോയി ചെറിയാന്‍ ആക്സിഡന്‍റ് ക്ലെയിംസ് ലിമിറ്റഡ്, ഭക്ഷ്യവിതരണ രംഗത്തു പ്രവർത്തിക്കുന്ന വിശ്വാസ് ഫുഡ്സ് എന്നിവരാണ് യുക്മ കലണ്ടറിന്‍റെ സ്പോണ്‍സര്‍മാർ.

ഡിസംബര്‍ മധ്യത്തോടെ തന്നെ യുക്മ കലണ്ടറുകള്‍ അംഗ അസോസിയേഷനുകള്‍ക്ക് എത്തിച്ചുകൊടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ആണ് നടക്കുന്നത്. യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ അസോസിയേഷനുകള്‍ അതാത് റീജണല്‍ പ്രസിഡന്‍റുമാരുടെ അടുത്ത് ആവശ്യമുള്ള കലണ്ടറുകളുടെ എണ്ണം അറിയിച്ചാല്‍ മതിയാവും. കലണ്ടര്‍ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്‍റെ ചുമതലയുള്ള ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങൾക്ക്: അഡ്വ. എബി സെബാസ്റ്റ്യന്‍ 07702862186, ടിറ്റോ തോമസ് 07723956930, സെലീന സജീവ് 07507519459.