എൽഡിഎഫ് ജനകീയപ്രതിരോധത്തിന് സമീക്ഷ യുകെയുടെ ഐക്യദാർഢ്യം
Monday, November 16, 2020 5:55 PM IST
ലണ്ടൻ: പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഏതാണ്ട് മുഴുവൻ നടപ്പാക്കി കേരളത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിക്കുന്ന പിണറായി വിജയൻ സർക്കാരിനെ തകർക്കാൻ കേന്ദ്ര സർക്കാർ അന്വേഷണഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഗൂഢനീക്കങ്ങളിൽ സമീക്ഷ യുകെ ആശങ്ക പ്രകടിപ്പിച്ചു.

കേന്ദ്രസർക്കാരിന്‍റെ നീക്കങ്ങൾക്കെതിരെ ഇരുപത്തഞ്ചു ലക്ഷം ജനങ്ങളാണ് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധത്തിൽ അണിനിരക്കുന്നത്. ഈ ജനകീയ പ്രതിരോധത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുകെ യുടെ വിവിധ ഭാഗങ്ങളിൽ ഇടതുപക്ഷ കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ യുടെ പ്രവർത്തകർ പ്ലക്കാർഡുൾ ഏന്തി അണിചേർന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം വീടുകൾ ആണ് പ്രവാസി മലയാളികൾ സമര വേദിയാക്കിയത് .

കേരളത്തിലെ മുഴുവൻ ജനാധിപത്യവിശ്വാസികളും യുഡിഫ് ബിജെപി കൂട്ടുകെട്ടിന്‍റെ ഈ കുത്സിത ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും കേരളത്തിന്‍റെ അഭിമാനവും ആശ്വാസവുമായ ഇടതുപക്ഷ സർക്കാരിനെ പിന്തുണക്കാനുള്ള എൽഡിഎഫ് ജനകീയപ്രതിരോധത്തിൽ അണിചേരണമെന്നും സമീക്ഷ യുകെ കേന്ദ്ര കമ്മിറ്റി അഭ്യർഥിച്ചു.

റിപ്പോർട്ട്: ബിജു ഗോപിനാഥ്