കോവിഡ് കേസുകളില്‍ റിക്കാർഡ് വര്‍ധന; കടുത്ത നിയന്ത്രണങ്ങളുമായി ജര്‍മനി
Friday, October 16, 2020 9:17 PM IST
ബര്‍ലിന്‍: ജര്‍മനിയിലെ പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും റിക്കാർഡ് വര്‍ധന. വ്യാഴാഴ്ച മാത്രം ആറായിരത്തിനു മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച നാലായിരവും ബുധനാഴ്ച അയ്യായിരവും ആയിരുന്നു കേസുകളുടെ എണ്ണം.

മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് പ്രതിദിന കേസുകള്‍ ഇത്രയധികം വര്‍ധിക്കുന്നത്. 6,638 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മാര്‍ച്ച് 28നു രേഖപ്പെടുത്തിയ 6,294 ആയിരുന്നു ഇതിനു മുന്പുള്ള റിക്കാർഡ്.

ജർമനിയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 6638 പുതിയ കോവിഡ് കേസുകൾ. രോഗവ്യാപനം മൂർധന്യത്തിലായിരുന്ന ഏപ്രിലിനു ശേഷം ആദ്യമായാണ് പ്രതിദിന കേസുകളുടെ എണ്ണം അയ്യായിരം കടക്കുന്നത്.

5132 കേസുകളാണ് ബുധനാഴ്ച മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച ഇത് 4,122 ആയിരുന്നു. ചൊവ്വാഴ്ച 13 പേർ മരിച്ച സ്ഥാനത്ത് വ്യാഴാഴ്ച 39 പേർക്ക് ജീവൻ നഷ്ടമായതോടെ രാജ്യത്തെ ആകെ മരണസംഖ്യ 9,710 ആയി.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൂടുതല്‍ കടുത്ത നിയന്ത്രണ നടപടികളും സര്‍ക്കാര്‍ നടപ്പാക്കുകയാണ്. മാസ്ക് ഉപയോഗം കൂടുതല്‍ വ്യാപകമാക്കുകയും കര്‍ക്കശമായി നടപ്പാക്കുകയും ചെയ്യാനാണ് തീരുമാനം. കൂട്ടം കൂടാവുന്ന ആളുകളുടെ എണ്ണത്തിലും പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ