സമീക്ഷ യുകെ പ്രതിനിധി സമ്മേളനം ഒക്ടോബർ 11 ന്
Saturday, October 10, 2020 7:52 AM IST
ലണ്ടൻ: സമീക്ഷ യുകെ നാലാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഒക്ടോബർ 11 ന് (ഞായർ) ഓൺലൈൻ വേദിയായ ഹത്രാസ് നഗറിൽ നടക്കും. ഓൺലൈൻ ആയി നടക്കുന്ന സമ്മേളനം ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് ഉദ്‌ഘാടനം ചെയ്യും. ഹർസെവ് ബെയ്‌ൻസ്‌ (ജനറൽ സെക്രട്ടറി , AIC GB ) , ദയാൽ ഭാഗ്രി (പ്രസിഡന്‍റ് , ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ) , രാജേഷ് ചെറിയാൻ (എക്സിക്യൂട്ടീവ് മെമ്പർ , AIC GB ) , സുജു ജോസഫ് (പ്രസിഡന്‍റ്, ചേതന ), വിനോദ് കുമാർ (AIC എക്സിക്യൂട്ടീവ് മെമ്പർ ) എന്നിവർ സംസാരിക്കും.

ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളത്തിൽ സമീക്ഷ യുകെയുടെ 24 ബ്രാഞ്ചുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 150 ഓളം സമ്മേളന പ്രതിനിധികളും സമീക്ഷ കേന്ദ്ര സമിതി, സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിൽ ഉദ്ഘാടന സെഷനും പ്രതിനിധികൾക്ക് മാത്രമായ സമ്മേളന സെഷനും ഉണ്ടായിരിക്കും. മത തീവ്ര ഫാസിസ്റ്റ് രാഷ്‌ടീയ ശക്തികളാൽ കൊല ചെയ്യപ്പെട്ട രക്തസാക്ഷികളെ അനുസ്‌മരിച്ചു കൊണ്ട് തുടങ്ങുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നുമുള്ള പ്രതിനിധികൾ ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ടും സംഘടന റിപ്പോർട്ടും ചർച്ച ചെയ്യും. സംഘടന കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുകയും പോരായ്മകൾ വിമർശനവിധേയമാക്കി ചർച്ചചെയ്തു തിരുത്തലുകൾ വരുത്തുകയുമാണ് സമ്മേളനത്തിന്‍റെ പ്രധാന ലക്ഷ്യം.ആനുകാലിക പ്രസക്തിയുള്ള വിവിധ പ്രമേയങ്ങൾ ചർച്ച ചെയ്യന്ന സമ്മേളനത്തിന്‍റെ സമഗ്ര നടത്തിപ്പിനും വിജയത്തിനുമായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നതായി സമീക്ഷ യുകെ കേന്ദ്ര സമിതി അറിയിച്ചു.