സീറോ മലങ്കര കത്തോലിക്കാ സഭ: വാൽസിംഗ്ഹാം തീർഥാടനവും പുനരൈക്യ വാർഷികവും സെപ്റ്റംബർ 27 ന്
Saturday, September 26, 2020 8:15 AM IST
ലണ്ടൻ : മരിയൻ തീർഥാടന കേന്ദ്രമായ വാൽസിംഹാമിലേക്കു സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജണിന്‍റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 നു (ഞായർ) തീർഥാടനം നടത്തുന്നു. മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വൈദീകരുടെയും അൽമായ പ്രതിനിധികളുടെയും ചെറിയ സംഘം മാത്രമാണ് തീർഥാടനത്തിൽ പങ്കെടുക്കുന്നത്. വിശുദ്ധ കുർബാനയുടെയും മറ്റു പ്രാർഥനാ ശുശ്രൂഷകളുടെയും തത്സമയ സംപ്രേക്ഷണം വിവിധ മാധ്യമങ്ങളിലൂടെ ലഭ്യമാകും.

യുകെയിലെ പതിനെട്ടു മിഷൻ കേന്ദ്രങ്ങളെയും പ്രത്യേകമായി മാതാവിന്‍റെ വിമല ഹൃദയത്തിലേക്ക് സമർപ്പിച്ചുകൊണ്ടുള്ള പ്രാർഥനയോടെയാണ് തീർത്ഥാടന ശുശ്രൂഷകൾക്ക് ആരംഭം കുറിക്കുക. ഉച്ചകഴിഞ്ഞു 3.30 നാണ് ആഘോഷമായ വിശുദ്ധ കുർബാനയും പരിശുദ്ധ ദൈവമാതാവിനോടുള്ള മാധ്യസ്ഥ പ്രാർഥനയും ക്രമീകരിച്ചിരിക്കുന്നത്. യുകെയുടെ മലങ്കര സഭാ കോഓർഡിനേറ്റർ ഫാ. തോമസ് മടക്കംമൂട്ടിലും മറ്റു മലങ്കര സഭാ വൈദീകരും തിരുക്കർമമങ്ങൾക്ക് നേതൃത്വം നൽകും.

മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിന്‍റെ നവതി ആഘോഷവും ഇതോടൊപ്പം നടക്കും. തൊണ്ണൂറ് വർഷങ്ങൾ സഭയെ പരിപാലിച്ച കരുണാമയനായ ദൈവതിരുമുൻപാകെ നന്ദി പറയാനുള്ള അവസരമായും മരിയൻ തീർഥാടനം മാറും. വൈദികരും മലങ്കര കൗൺസിൽ വൈസ് പ്രസിഡന്‍റ്. ജിജി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള കൗൺസിൽ അംഗങ്ങളും തീർഥാടനത്തിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

Live streaming : www.walsingham.uk/live stream

Walsingham Blog

Youtube.com/malankarauk

റിപ്പോർട്ട്: അലക്സ് വർഗീസ്