യാക്കോബായ സഭയുടെ ദേവാലയങ്ങള്‍ പിടിച്ചെടുക്കൽ; വിയന്നയില്‍ പ്രതിഷേധ പ്രമേയം
Monday, September 21, 2020 9:14 PM IST
വിയന്ന: സഭയുടെ ദേവാലയങ്ങള്‍ പിടിച്ചെടുക്കുന്നതിനെതിരെ വിയന്ന സെന്‍റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ പൊതുയോഗം പ്രമേയം അവതരിപ്പിച്ചു.

പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ കേരളത്തിലെ പൂര്‍വീകര്‍ പണിതിട്ടുള്ള യാക്കോബായ സഭയുടെ പുരാതനമായ ആരാധനാലയങ്ങള്‍ കോടതിവിധിയുടെ മറവില്‍ പിടിച്ചെടുക്കുന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധനാസ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും നിഷേധിക്കുന്നതും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മനുഷ്യത്വരഹിതവും ആധ്യാത്മികതക്ക് ഒരുതരത്തിലും യോജിക്കാത്തതാണെന്ന് യോഗം വിലയിരുത്തി.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തിൽ പ്രസിഡന്‍റ് ഫാ. ജോഷി വെട്ടിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഔസേഫ് പടിക്കക്കുടി പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജോണ്‍സണ്‍ വാഴലാനിക്കല്‍, ട്രഷറര്‍ ജോമോന്‍ ചേലപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. പള്ളി കമ്മിറ്റി അംഗങ്ങളായ സാജു പടിക്കകുടി, മോന്‍സി ഇയത്തുകളത്തില്‍, ആല്‍ബര്‍ട്ട് ഉള്ളൂരിക്കര, കൗണ്‍സില്‍ അംഗങ്ങളായ ജോളി തുരുത്തുംമേല്‍, ഷാജി ചേലപ്പുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.

കേരളത്തിലെ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണത്തിനുവേണ്ടി സമരം നടത്തുന്ന സഭാപിതാക്കന്മാരോടും സത്യവിശ്വാസികളോടും പൊതുയോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി