ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ഷോ ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗെതർ
Thursday, September 3, 2020 11:38 PM IST
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കോവിഡിനെതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിക്കുവാൻ വേണ്ടി മേയ് 28 വ്യാഴാഴ്ച ആരംഭിച്ച ലൈവ് ടാലന്‍റ് ഷോ "LET'S BREAK IT TOGETHER" ഓഗസ്റ്റ് 31 തിങ്കളാഴ്ച തിരുവോണ ദിനത്തിൽ സമാപിച്ചത് യുക്മയെന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയുടെ ചരിത്ര താളുകളിലേയ്ക്ക് ഒരു പൊൻകിരീടം കൂടി ചാർത്തിക്കൊണ്ടാണ്.

ലോകമെങ്ങുമുള്ള ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് യുകെ ഉൾപ്പെടുന്ന രോഗത്തിന്‍റെ പിടിയിലമർന്ന രാജ്യങ്ങളിലെല്ലാം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങൾ കൂടുതൽ ഭീതിയിലാവുകയും സാധാരണ ജീവിതം അസാധ്യമായി വീടുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. തികച്ചും അസാധാരണമായ ഈ സാഹചര്യത്തിൽ ഭീതിയിലാണ്ട മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ ഉറപ്പ് വരുത്തേണ്ടത് തങ്ങളുടെ പ്രാഥമിക ധർമ്മമാണെന്ന് തീരുമാനിച്ച യുക്മ ദേശീയ നേതൃത്വം പ്രസിഡന്‍റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍റെ കൂടി സഹകരണത്തോടെ യുക്മ റീജിയണൽ കമ്മിറ്റികളുടേയും നൂറ്റി ഇരുപതോളം പ്രാദേശിക യുക്മ അംഗ അസോസിയഷനുകളുടേയും പിൻബലത്തോടെ വോളണ്ടിയർ ഗ്രൂപ്പുകളും ഹെൽപ്പ് ലൈൻ ഡെസ്ക്കുകളും രൂപീകരിച്ച് രംഗത്ത് വന്നു. തുടർന്ന് യുക്മ സൌത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങാത്തറയുടെ നേതൃത്വത്തിൽ മുപ്പതിലേറെ വിദഗ്ദ ഡോക്ടർമാരടങ്ങിയ ഡോക്ടേഴ്സ് ടീം രൂപീകരിക്കുകയും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം സജ്ജമാക്കുകയും ചെയ്തു.

യുകെയിൽ ഇന്നേ വരെ നടത്താത്തതും മ്യൂസിക്കൽ ഇൻസ്ട്രുമെന്‍റിൽ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളുടെ ഒരു ഇൻസ്ട്രമെന്‍റൽ മ്യൂസിക് ലൈവ് ഷോയെന്ന യുക്മ നേതൃത്വത്തിന്‍റെ ആശയം യുക്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആരംഭിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി സംഘാടക സമിതി വിവിധ പേരുകൾ നിർദ്ദേശിക്കുകയും അവസാനം "LET'S BREAK IT TOGETHER" എന്ന പേര് കണ്ടെത്തി പരിപാടി സംഘടിപ്പിക്കുകയും, യുക്മയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലൈവ് ഷോയായി നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ലൈവ് ഷോയുടെ സുഗമമായ നടത്തിപ്പിനായി യുക്മ പ്രസിഡന്‍റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി ഇ.അ. ജോസഫ്, സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവരടങ്ങിയ സംഘാടക സമിതി രൂപീകരിക്കുകയും ഇ.അ. ജോസഫിനെ മുഖ്യ സംഘാടകനായി ചുമതലയേൽപ്പിക്കുകയും ചെയ്തു.

യുക്മ ദേശീയ പ്രസിഡന്‍റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി ഇ.അ. ജോസഫ്, നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ് എന്നീ സംഘാടക സമിതി അംഗങ്ങളോടൊപ്പം യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, ലിറ്റി സജീവ്, സാജൻ സത്യൻ, സലീന സജീവ്, ടിറ്റോ തോമസ് എന്നിവരും യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കണ്‍വീനർമാരായ ജയ്സണ്‍ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരും യുക്മയുടെ റീജണൽ ഭാവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, അസോസിയേഷൻ ഭാരവാഹികൾ, യുക്മയുടെ പുറത്ത് നിന്നുമുള്ള യുക്മയുടെ അഭ്യുദയകാംക്ഷികൾ എന്നിവരുടെ തോളോട് തോൾ ചേർന്നുള്ള പ്രവർത്തനമാണ് "LET'S BREAK IT TOGETHER" ഷോയുടെ വിജയ രഹസ്യം. ലൈവ് ഷോയുമായി ബന്ധപ്പെട്ട് കുട്ടികൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയത് റെക്സ് ബാൻഡിലെ റെക്സ് ജോസും ജെ.ജെ.ഓഡിയോസിലെ ജോജോ തോമസുമാണ്.

"LET'S BREAK IT TOGETHER" ഷോയുടെ വിജയത്തിന് കാരണക്കാരായ കൌമാര പ്രതിഭകളേയും അവരെ അതിനായി ഒരുക്കിയ മാതാപിതാക്കളേയും ഗുരുക്കൻമാരേയും സംഘാടക സമിതി പ്രത്യേകം അഭിനന്ദിച്ചു. ഷോയുടെ ആരംഭം മുതൽ സമാപന ദിവസം വരെ ലൈവ് കണ്ടും ഷെയർ ചെയ്തും പ്രോത്സാഹനകരമായ കമന്‍റുകൾ അയച്ചും പരിപാടിയോടൊപ്പം ചേർന്ന് നിന്ന ലോകമെന്പാടും നിന്നുള്ള സംഗീതാസ്വാദകർക്ക് യുക്മ, യുക്മ സാംസ്കാരിക വേദി നേതൃത്വവും സ്നേഹ പൂർവം നന്ദി അറിയിക്കുന്നു.