"ലെറ്റസ് ബ്രേക്ക് ഇറ്റ് ടുതറി'ൽ ഓഗസ്റ്റ് എട്ടിന് കുംബ്ലയും നവ്യ മുകേഷും
Friday, August 7, 2020 4:54 PM IST
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ചുകൊണ്ട് ആരംഭിച്ച ലൈവ് ടാലന്‍റ് ഷോ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുതറി'ൽ ഓഗസ്റ്റ് എട്ടിനു (ശനി) വൈകുന്നേരം അഞ്ചിന് (ഇന്ത്യൻ സമയം രാത്രി 9.30) ആസ്വാദകർക്ക് മുന്നിലെത്തുന്നത് മാഞ്ചസ്റ്ററിൽ നിന്നുള്ള അമൃത വർഷിണി കുംബ്ളയും നവ്യ മുകേഷുമാണ്.

തന്‍റെ മാന്ത്രിക വിരലുകളാൽ പിയാനോയിൽ സ്വർഗീയ സംഗീതം പൊഴിക്കുന്ന അമൃത വർഷിണി ലോക പ്രശസ്തമായ മാഞ്ചസ്റ്റർ ചേതംസ് സ്കൂൾ ഓഫ് മ്യൂസിക്കിൽ ഇയർ 9 വിദ്യാർഥിനിയാണ്. പ്രസ്തുത കലാലയത്തിലെ ഒരേയൊരു മലയാളി വിദ്യാർഥി കൂടിയാണ് അമ്യത വർഷിണി. നന്നേ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ പിയാനോ പഠനം ആരംഭിച്ച അമൃത വർഷിണി ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയിൽ ഗ്രേഡ് 8 കരസ്ഥമാക്കി കഴിഞ്ഞു.

2015 ൽ നോർത്തേൺ അയർലൻഡ് യംഗ് മ്യുസിഷ്യൻ ഓഫ് ദ ഇയർ അവാർഡ് ഫൈനൽ റൗണ്ടിലെത്തിയ അമൃത വർഷിണി, 2018 ൽ ഹീറ്റൺ മേർസി മ്യൂസിക് ഫെസ്റ്റിവൽ പിയാനോഫോർട്ട് ചാംപ്യൻഷിപ്പ് ഫൈനലിസ്റ്റുമായിരുന്നു. കൊൺസേർട്ടുകളടക്കം നിരവധി വേദികളിൽ തന്‍റെ സംഗീത പാടവം പ്രകടിപ്പിച്ചിട്ടുണ്ട് ഗണേഷ് കുംബ്ള - മോഹിനി കുംബ്ള ദമ്പതികളുടെ മകളായ ഈ അനുഗ്രഹീത കലാകാരി.

സംഗീത പ്രേമികളുടെ ഹൃദയ നോവായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ബാലഭാസ്കർ, പ്രശസ്ത സംഗീത സംവിധായകർ രമേഷ് നാരായൺ, ജാസി ഗിഫ്റ്റ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഗണേഷ്, ദക്ഷിണേന്ത്യൻ സംഗീത ലോകത്ത് അറിയപ്പെടുന്ന ഒരു പെർക്യൂഷണിസ്റ്റും പ്രോഗ്രാമറുമാണ്.

അമൃത വർഷിണിയോടൊപ്പം ഷോയിൽ പങ്കെടുക്കുന്ന നവ്യ മുകേഷ് ഓൾട്രിങ്ങ്ഹാം ഗ്രാമർ സ്കൂൾ ഫോർ ഗേൾസിലെ ഇയർ 8 വിദ്യാർഥിനിയാണ്. വയലിൻ, പിയാനോ, ബാസ് ഗിറ്റാർ, യൂക്കലേലെ, മെലോഡിക്ക എന്നീ സംഗീതോപകരണങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരു അനുഗ്രഹീത കലാകാരിയാണ് നവ്യ. സ്കൂൾ കൊൺസേർട്ടുകൾ ഉൾപ്പടെ അനവധി വേദികളിൽ പ്രോഗ്രാം ചെയ്തിട്ടുള്ള ഈ 13 വയസുകാരി ഇതിനോടകം തന്നെ സംഗീത ലോകത്ത് തന്‍റേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഏറെ പ്രശസ്തനായ കീബോർഡിസ്റ്റ് മുകേഷ് കണ്ണന്‍റേയും സുധ മുകേഷിന്‍റേയും മകളാണ് നവ്യ.

ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസു മുതൽ 21 വയസു വരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും ജെ ജെ ഓഡിയോസിന്‍റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

വിവരങ്ങൾക്ക്: സി.എ. ജോസഫ് 07846747602, കുര്യൻ ജോർജ് 07877348602.

റിപ്പോർട്ട്: കുര്യൻ ജോർജ്