ബ്രിട്ടനിൽ കീ വർക്കേഴ്സിന് ശമ്പള വർധനവ്, നഴ്സുമാരെ ഒഴിവാക്കി
Wednesday, July 22, 2020 11:10 AM IST
ലണ്ടൻ: കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ സ്തുത്യർഹമായ സേവനം കണക്കിലെടുത്തു ബ്രിട്ടനിലെ ഡോക്ടർമാർ , ടീച്ചർമാർ ,പോലീസുകാർ , ജയിൽ ജീവനക്കാർ , സിവിൽ സെർവെന്റുമാർ , ജുഡീഷ്യറി ജീവനക്കാർ , നാഷണൽ ക്രൈം ഏജൻസി ജീവനക്കാർ ,സായുധ സേന അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള ഒൻപതു ലക്ഷത്തോളം വരുന്ന പബ്ലിക് സെക്ടർ ജീവനക്കാർക്ക് മുന്നേ ദശാംശം ഒന്ന് ശതമാനം വരെ സർക്കാർ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു .

എന്നാൽ ബ്രിട്ടനിൽ കോവിടിന്‍റെ മുൻ നിരയിൽ യുദ്ധസമാനമായ സാഹചര്യത്തിൽ മുന്നണിപോരാളികളായി പ്രവർത്തിച്ച നഴ്സുമാരെയും , ജൂനിയർ ഡോക്ടർമാരെയും സോഷ്യൽ കെയർ വർക്കർ മാരെയും പുതിയ ശമ്പള വർധനവിൽ ഉൾപ്പെടുത്തിയിട്ടില്ല . .രണ്ടായിരത്തി പതിനെട്ടിൽ നടപ്പിലാക്കിയ മൂന്നു വര്ഷം നീണ്ടു നിൽക്കുന്ന പ്രത്യേക ശമ്പള വർധന പാക്കേജ് ഇപ്പോഴും നിലനിൽക്കുന്നതിനാലാണ് ഇവരെ പുതിയ പരിഷ്കരണത്തിന്റെ പരിധിയിൽ കൊണ്ട് വരാത്തത് എന്നാണ് ശമ്പള വർധന പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് ചാൻസിലർ ഋഷി സുനാക് പറഞ്ഞത് .

രോഗീപരിചരണത്തിൽ ഏർപ്പെട്ടിരുന്ന മുന്നൂറിലേറെ നാഷണൽ ഹെൽത് സർവീസ് ജീവനക്കാർക്കു കോവിഡ് ബാധിച്ചു മരണം സംഭവിച്ചിരുന്നു .കോവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിക്കുവാൻ പൊതു മേഖലയിലെ ജീവനക്കാരും കീ വർക്കേഷസും നൽകിയ നിസ്തുലമായ സംഭാവനകൾക്കുള്ള രാജ്യത്തിൻറെ ആദരം എന്ന നിലയിൽ കൂടി ശമ്പള വർദ്ധനവിനെ സർക്കാർ അവതരിപ്പിക്കുമ്പോൾ രോഗീപരിചരണത്തിൽ ഏർപ്പെട്ടിരുന്ന നഴ്സുമാരും ഡോക്ടർമാരും, ഉൾപ്പടെ ഉള്ള മുന്നൂറിൽ അധികം ആരോഗ്യ പ്രവർത്തകർക്ക് മരണം സംഭവിച്ചിട്ടും ജൂനിയർ ഡോക്ടർമാരെയും , നഴ്സുമാരെയും , സോഷ്യൽ കെയർ വര്ക്കര്മാരെയും ശമ്പള വർധനവിൽ ഉൾപ്പെടുത്താതിനെതിരെ വിവിധ നഴ്സിംഗ് സംഘടനകളും , സോഷ്യൽ കെയർ ജീവനക്കാരുടെ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട് .

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ