യൂറോപ്പില്‍ കോവിഡിന്‍റെ രണ്ടാം ഘട്ടം ശക്തി പ്രാപിക്കുന്നതായി ലോകാരോഗ്യ സംഘടന
Friday, June 26, 2020 9:06 PM IST
ജനീവ: കോവിഡിന്‍റെ രണ്ടാം ഘട്ടം യൂറോപ്പില്‍ ശക്തി പ്രാപിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഴ്ചകള്‍ക്കു ശേഷം ആദ്യമായി വന്‍കരയിലെ പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

അര്‍മീനിയ, സ്വീഡന്‍, മോള്‍ഡോവ, നോര്‍ത്ത് മാസിഡോണിയ എന്നിവിടങ്ങളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മതിയായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നും വിലയിരുത്തല്‍.

യൂറോപ്യന്‍ മേഖലയില്‍ മാത്രം ഇതിനകം 2.6 മില്യൺ കോവിഡ് കേസുകളും രണ്ടു ലക്ഷത്തോളം മരണസംഖ്യയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധ്യപൂര്‍വേഷ്യയും മധ്യേഷ്യയും കൂടി ചേര്‍ത്ത് 54 രാജ്യങ്ങളാണ് യൂറോപ്യന്‍ മേഖലയില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മേഖലയില്‍ നിലവില്‍ പ്രതിദിനം ഇരുപതിനായിരം പുതിയ കേസുകളും 700 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ