വന്ദേ ഭാരത് മിഷൻ: വിമാന ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തതെന്ന് ഒഐസിസി അയര്‍ലൻഡ്
Sunday, May 24, 2020 4:43 PM IST
ഡബ്ലിന്‍: കോവിഡ് ഭീതിയില്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സർക്കാർ നടത്തുന്ന ദൗത്യമായ വന്ദേ ഭാരത് മിഷന്‍റെ ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തതെന്ന് ഒഐസിസി അയര്‍ലൻഡ്.

ഈ ദൗത്യത്തിന് ടിക്കറ്റ് നിരക്കായ് ഗള്‍ഫില്‍ നിന്നും 12000 രൂപ മുതല്‍ 15000 രൂപ വരെയാണെങ്കിൽ യൂറോപ്പില്‍ നിന്നും 50000 രൂപക്ക് മുകളിലും അമേരിക്കയില്‍ നിന്ന് ഒരു ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.

30 വര്‍ഷം മുമ്പ് 1990 ല്‍ ഗള്‍ഫ് യുദ്ധം നടന്നപ്പോള്‍ അന്നത്തെ ഇന്ത്യൻ സർക്കാർ 1,70,000 പേരെ സൗജന്യമായ് 68 ദിവസം കൊണ്ട് ഇന്ത്യയിലെത്തിച്ചതാണ്. ലോകത്തിലുള്ള എല്ലാ ഇന്ത്യന്‍ എംബസികള്‍ക്കും അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ICWF (Indian Community Welfare Fund) ഉണ്ട്. അതില്‍ നിന്നെങ്കിലും കുറച്ച് പണം ചെലവഴിക്കാമായിരുന്നു. ഒഐസിസി അയര്‍ലൻഡ് ഈ നടപടിയില്‍ പ്രതിഷേധിക്കുന്നതായ് ഭാരവാഹികളായ എം.എം.ലിങ്ക്വിന്‍സ്റ്റാര്‍, സാന്‍ജോ മുളവരിക്കല്‍, പി.എം.ജോര്‍ജ്കുട്ടി, റോണി കുരിശിങ്കല്‍പറമ്പില്‍, പ്രശാന്ത് മാത്യു, ഡിനോ ജേക്കബ്, സുനില്‍ ഫിലിപ്പ്, ഫ്രാന്‍സിസ് ഇടണ്ട്രി, ജിംസണ്‍ ജയിംസ്, വിന്‍സെന്‍റ് നിരപ്പേല്‍,ഏബ്രഹാം തുടങ്ങിയവര്‍ അറിയിച്ചു.

റിപ്പോർട്ട്: റോണി കുരിശിങ്കൽപറന്പിൽ