ഇറ്റലിയിലെ വീസ കാലാവധി നീട്ടൽ; സർക്കാർ അടിയന്തര നടപടി എടുക്കണം
Tuesday, May 19, 2020 5:24 PM IST
ഇറ്റലിയിൽ വീസ കാലാവധി കഴിഞ്ഞ് കുടുങ്ങിക്കിടക്കുന്ന വിദേശികൾക്ക് വീസ കാലാവധി നീട്ടിക്കൊടുക്കാൻ ഇറ്റാലിയൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ ഈ അവസരം പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യൻ പ്രവാസികൾക്കായി പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് എഐസിസി വിദേശകാര്യ വിഭാഗം സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ആവശ്യപ്പെട്ടു.

കോവിഡ് നിയന്ത്രണം പഴുതുകളടച്ച് ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ എതിർപ്പുകൾ വകവയ്ക്കാതെ ഇറ്റാലിയൻ സർക്കാർ വീസ ചട്ടങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ അവിടെ കുടുങ്ങിയ 6 ലക്ഷത്തോളം വിദേശികൾക്ക് ആശ്വാസം പകരുന്ന ഇളവ് പ്രഖ്യാപിച്ചത്.

കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിനാളുകൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെങ്കിലും പലരുടേയും പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ വീസ കാലാവധി നീട്ടൽ ആനുകൂല്യം അപ്രാപ്യമാകും. വീസ കാലാവധി നീട്ടിക്കിട്ടാൻ അപേക്ഷിക്കാൻ ജൂൺ 1 മുതൽ ജൂലൈ 15 വരെ സമയമനുവദിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യൻ എംബസിയിലൂടെ ഇവരുടെ പാസ്പോർട്ട് പുതുക്കാൻ പ്രത്യേക അനുമതി നല്കണമെന്ന് സജീവ് ജോസഫ് വിദേശകാര്യ മന്ത്രിയോട് അഭ്യർഥിച്ചു.