സിസ്റ്റര്‍ സിയെന്നയുടെ നിര്യാണം; മാര്‍ സ്രാമ്പിക്കല്‍ അനുശോചനം അറിയിച്ചു
Friday, April 3, 2020 3:38 PM IST
സ്വാൻസി: സ്വാൻസിയിലെ സ്ട്രാന്റിൽ വിശുദ്ധ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സമൂഹാംഗമായ സിസ്റ്റർ സിയെന്ന(74) എംസി നിര്യാതയായി. പനിയും ശരീരാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് സിസ്റ്ററിനെ കഴിഞ്ഞ ആഴ്ച സ്വാൻസിയിലുള്ള മൊറിസ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പനി കലശലായതിനെത്തുടർന്ന് ആരോഗ്യനില വഷളാവുകയും ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. 2016 വരെ വെസ്റ്റ് ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സിസ്റ്റർ നിലവിൽ വെയിൽസിലെ സന്യാസസമൂഹത്തിന്റെ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തു വരികയായിരുന്നു. ജാർഖണ്ഡ് സ്വദേശിനിയാണ്.

സ്വാൻസിയിലെ അഗതികളുടെയും നിരാലംബരുടെയും പാവങ്ങളുടെയും ഇടയയിൽ പ്രവർത്തിച്ചു വരുന്ന സന്യാസസമൂഹമാണ് മിഷനറീസ് ഓഫ് ചാരിറ്റി. വിശുദ്ധ മദർ തെരേസ വിദേശ മണ്ണിൽ അവസാനമായി സ്ഥാപിച്ച സന്യാസാശ്രമമാണ് സ്വാൻസിയിലെ മഠം. പാവങ്ങൾക്ക് ഭക്ഷണവും വീടില്ലാത്തവർക്ക് രാത്രിയിൽ താമസവുമൊരുക്കുന്ന പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചിരുന്ന സിസ്റ്റർ സിയെന്ന സ്വാൻസിയിലെ സീറോമലബാർ സഭയുമായി ഊഷ്മള ബന്ധം പുലർത്തിയിരുന്ന സമർപ്പിതയായിരുന്നു.

സമൂഹത്തിലെ അഗതികള്‍ക്കും നിരാലംബര്‍ക്കും ഇടയില്‍ സജീവമായി സേവനം ചെയ്തുകൊണ്ടിരിന്ന സിസ്റ്റർ സിയന്നയുടെ ആകസ്മിക വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ദുഖവും അനുശോചനവും അറിയിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. സിസ്റ്ററിന്റെ വേർപാടിൽ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുകയും സിസ്റ്ററിന്റെ ആത്മശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രാർത്ഥിക്കുകയും ചെയുന്നു.

റിപ്പോര്‍ട്ട്: ഫാ. ടോമി എടാട്ട്