ഇറ്റലിക്ക് കൈത്താങ്ങായി കൊളോണ്‍ അതിരൂപതയും
Tuesday, March 31, 2020 8:50 PM IST
കൊളോണ്‍: ഇറ്റലിയിൽ നിന്നുള്ള കൊറോണ രോഗികളെ കൊളോണ്‍ അതിരൂപതയുടെ ക്ലിനിക്കുകളിൽ പ്രവേശിപ്പിക്കാൻ അനുവാദം നൽകിയതായി കൊളോണ്‍ അതിരൂപതാധ്യക്ഷൻ കർദിനാൾ റെയ്നർ മരിയ വോൾക്കി.ലാസറിന്‍റെ പുനരുത്ഥാനം പോലെ കൊറോണയിൽ നിന്നും ഒരു പുനർജ്ജനി ഇറ്റലിക്ക് നൽകാനാണ് കർദ്ദിനാളിന്‍റെ വാക്കുകളിലെ പൊരുൾ.

"ഇപ്പോൾ അതിജീവനത്തിന്‍റെ പാതയിലാണ്. പ്രത്യേകിച്ച് ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ സമയമാണ്. ഇവിടെയാണ് കാരുണ്യത്തിന്‍റെ കൈകൾ നീട്ടേണ്ടത്. സഹാനുഭൂതിയുടെ വാതിൽ തുറക്കേണ്ടത്' - കർദ്ദിനാൾ വോൾക്കി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ മേലധികാരികളുമായി ഒരുമിച്ച് ആശ്വാസ പ്രവർത്തനത്തിൽ കൈകോർത്ത് അതിരൂപതയിലെ കത്തോലിക്കാ ക്ലിനിക്കുകളിൽ ഇറ്റാലിയൻ കൊറോണ രോഗികൾക്കായി തീവ്രപരിചരണ വിഭാഗങ്ങളിൽ അടിയന്തരമായി ആവശ്യമായ സ്ഥലങ്ങൾ നൽകി ജീവൻ രക്ഷിക്കാനാണ് മുന്നിട്ടിറങ്ങുന്നത്.

തുടക്കത്തിൽ, ആറ് രോഗികളെ അതിരൂപതയിലെ വിവിധ കത്തോലിക്കാ ആശുപത്രികളിൽ പാർപ്പിക്കാനും തീവ്രമായ വൈദ്യസഹായം നൽകാനും കഴിയുമെന്ന് കർദ്ദിനാൾ വോൾക്കി പറഞ്ഞു. അതിർത്തി കടന്നുള്ള ഐക്യദാർഢ്യത്തിന്‍റെയും അയൽക്കാരോടുള്ള പ്രായോഗിക സ്നേഹത്തിന്‍റെയും പ്രോത്സാഹജനകമായ ഉദാഹരണമാണിതെന്ന് വോൾക്കി ചൂണ്ടിക്കാട്ടി.

ഇറ്റലിയിൽ നിന്നും കൊറോണ രോഗികളെയും വഹിച്ചുള്ള ആദ്യത്തെ വിമാനം ശനിയാഴ്ച കൊളോണിൽ ഇറങ്ങിയിരുന്നു. ജർമനി വിമാനസർവീസുകൾക്കു പോലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വടക്കൻ ഇറ്റലിയിൽ നിന്ന് കൊറോണ രോഗികൾക്ക് പരിചരണം നൽകാൻ നോർത്ത് റൈൻവെസ്റ്റ്ഫാലിയ സംസ്ഥാന സർക്കാർ അനുവാദം നൽകിയിരുന്നു. രോഗികളെയും വഹിച്ചുള്ള ഗതാഗതത്തിന് വ്യോമസേനയുടെ പ്രത്യേക എയർബസ് ആംബലൻസുകൾ വഴിയാണ് രോഗികളെ ഇവിടെ എത്തിക്കുന്നത്. ഇറ്റലിയിൽ കൊറോണ കേസുകൾ കൂടുതലായതിനാൽ അവിടുത്തെ ആശുപത്രികൾക്ക് അമിതഭാരമുണ്ട്. എല്ലാറ്റിനുമുപരിയായി, തീവ്രപരിചരണ സ്ഥലങ്ങളുടെയും വെന്‍റിലേറ്ററുകളുടേയും അഭാവമുണ്ട്.

സംസ്ഥാനത്തിലെ വിവിധ ആശുപത്രികളിൽ സഹായപ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇപ്പോൾ കുടിയേറ്റക്കാരെന്നോ അഭയാർഥികളെന്നോ അന്യനാട്ടുകാരെന്നോ ഉള്ള വ്യത്യാസം ഇല്ലാതെ സഹായിക്കുക മാത്രമാണ് ഏക ലക്ഷ്യം.

അതേസമയം, കൊളോണ്‍ അതിരൂപതയുടെ സന്ദേശത്തിൽ വൃദ്ധരോ രോഗികളോ ആയ ആളുകളെ കുടുംബത്തിലോ ഫ്ളാറ്റുകളിലോ തനിച്ചാക്കരുതെന്ന് ആവശ്യപ്പെട്ടു. അവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളും ഏറ്റവും ഉചിതമായ രീതിയിൽ നൽകണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.

ലോകത്തിലെ ദുരിതങ്ങൾ ദൈവം ആഗ്രഹിക്കുന്നില്ല. യൂറോപ്പിന്‍റെ അരികിലുള്ള അഭയാർഥി ക്യാന്പുകളിൽ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അവിടെ പരിശോധനകൾക്ക് ഡ്രൈവ് ഇന്നുകളോ തീവ്രപരിചരണ സ്റ്റേഷനുകളോ ഒന്നും ഇല്ല. അവർക്കായി ജർമനിയിലെ ഭവനരഹിതർക്കായി സെമിനാരികൾ തുറന്നു നൽകാനും കർദ്ദിനാൾ തീരുമാനിച്ചു. അന്തിയുറങ്ങാൻ ഇടമില്ലാതെ നട്ടംതിരിയുന്ന ഭവനരഹിതർക്ക് വിശ്രമിക്കാൻ സെമിനാരിയുടെ വാതിൽ തുറന്നു നൽകി. ഇക്കാര്യം കർദ്ദിനാൾ തന്നെയാണ് ട്വിറ്ററിലൂടെ പൊതു സമൂഹത്തെ അറിയിച്ചത്.

കൊറോണ മുൻകരുതലിന്‍റെ ഭാഗമായി അതിരൂപതയിലെ വൈദിക വിദ്യാർഥികൾ സ്വന്തം ഭവനങ്ങളിലേക്ക് പോയതിനാൽ, സെമിനാരിയിലെ താമസസൗകര്യവും മറ്റും ഭവനരഹിതർക്ക് തുറക്കുകയാണെന്നും അവർക്കായി ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കർദ്ദിനാൾ ട്വീറ്റിൽ വ്യക്തമാക്കി. അതുപോലെ അഭയാർഥികൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന മുറികളും അപ്പാർട്ടുമെന്‍റുകളും അതിരൂപത നൽകിയിട്ടുണ്ട്.

നിലവിൽ അറുപത്തിനായിരത്തിനടുത്ത് ആളുകൾക്ക് ജർമനിയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്നു രാജ്യത്തു ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ആർച്ച് ബിഷപ്പു കൂടിയായ കർദ്ദനാളിന്‍റെ തീരുമാനം.

2018 ജൂലൈയിൽ കർദ്ദിനാൾ റെയ്നർ മരിയ വോൾക്കി കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ 1,50,000 യൂറോയുടെ സഹായവും അന്ന് കൊളോണ്‍ അതിരൂപത നൽകിയിരുന്നു.

കൊളോണ്‍ അതിരൂപതയുടെ കീഴിലാണ് ജർമനിയിലെ ഏറ്റവും വലിയ മലയാളി കമ്യൂണിറ്റി. സുവർണനിറവിലെത്തിയ കമ്യൂണിറ്റിയിൽ ഇന്ത്യക്കാർക്കായി പ്രത്യേകിച്ച് മലയാളികൾക്കായി ഒരു വൈദികനെയും അതിരൂപത നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി സിഎംഐ സഭാഗം ഫാ.ഇഗ്നേഷ്യസ് ചാലിശേരി ഇന്ത്യൻ കമ്യൂണിറ്റിയുടെ ചുമതലക്കാരനായി സേവനം ചെയ്യുന്നു. അതുപോലെ തന്നെ അതിരൂപതയിൽ ഒട്ടനവധി സിഎംഐ വൈദികരും മറ്റു സഭാംഗങ്ങളും വിവിധ ആശുപത്രികളിലായി നിരവധി സന്യാസിനികളും ജോലി ചെയ്യുന്നുണ്ട്.

നോർത്ത്റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന കൊളോണ്‍ അതിരൂപത ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അതിരൂപതയാണ്. 1,94 മില്യൺ കത്തോലിക്കരാണ് അതിരൂപതയിലുള്ളത്.

ജർമനിയിൽ കോവിഡ് ബാധിച്ച മലയാളികൾ എല്ലാവരുംതന്നെ സുഖം പ്രാപിച്ചുവരുന്നു. ജർമനിയിൽ ഇതിനകം 57,298 പേർക്കു കോവിഡ് ബാധ ഉണ്ടായതിൽ 455 പേർ മരിച്ചതായി പ്രമുഖ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടായ ബർലിനിലെ റോബർട്ട് കോഹ് പുറത്തുവിട്ട കണക്കിൽ പറയുന്നു. എന്നാൽ അമേരിക്ക ആസ്ഥാനമായ ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കിൽ 63,079 പേർ രോഗം ബാധിച്ചതായും മരണ സംഖ്യ 545 ൽ എത്തിയതായും പറയുന്നു. അതേസമയം കൊറോണ ബാധ സംശയിച്ച ചാൻസലർ ആംഗല മെർക്കൽ ഇപ്പോഴും ക്വാറന്‍റൈനിലാണ്.

കൊറോണ വൈറസ് മൂലം രാജ്യത്തുണ്ടായ വൻ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച 156 ബില്യൺ യൂറോയുടെ സാന്പത്തിക പാക്കേജിലെ സഹായം നൽകിത്തുടങ്ങി.ചെറിയ സംരംഭകർക്ക് 9000 യൂറോയും 10 വരെയുള്ള ചെറിയ സംരംഭകർക്ക് 15,000 യൂറോയും സഹായം മൂന്നു മാസത്തേക്കാണ് നൽകുന്നത്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അവരുടെ മാസവരുമാനമായിരിക്കും ലഭിക്കുക. 30 ലക്ഷം പേർക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുന്നത്. സർക്കാർ പണം സൗജന്യമായിരിക്കും. ശന്പളം, വാടക എന്നീ ഇനങ്ങൾക്കായി ഈ പണം ഉപയോഗിക്കാനാണ് നിർദ്ദേശം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ