ഹൃദയം പൊട്ടി സ്പെയിൻ
Thursday, March 26, 2020 10:15 PM IST
മാഡ്രിഡ്: സ്പെയിൻ എന്നു കേൾക്കുന്പോൾതന്നെ മനസിലോടിയെത്തുന്നത് സഞ്ചാരികളുടെ പറുദീസയെന്നോ രാജപ്രഭുക്കളുടെ നാടെന്നോ അതിലുപരി ബലേറിയൻ (ബലേറിക്) കടലിന്‍റെ റാണിയെന്നോ ഒക്കെയാണ്. യൂറോപ്പുകാരുടെ ഏറ്റവും വലിയ ആകർഷണ രാജ്യവും 17 ഓട്ടോണമി അധികാരമുള്ള പ്രവിശ്യകളുടെ വൈവിധ്യം തുടിക്കുന്ന, കറ്റലോണിയൻ സംസ്കാരങ്ങളുടെ കേന്ദ്രവുമെന്നാണ്. കാൽപ്പന്തുകളിക്കാരുടെ, കളികന്പക്കാരുടെ, ഫുട്ബോൾ ക്ലബുകളുടെ, കാൽപ്പന്തുരാജാക്കന്മാരുടെ പേരുകൂടി ചേർന്നാൽ സ്പെയിൻ എന്തുകൊണ്ടും ലോകത്തിന്‍റെ നിറുകയിൽത്തന്നെ.

പറഞ്ഞുവരുന്നത് അതൊന്നുമല്ല. ഇതിപ്പോൾ കൊറോണക്കാലമാണ്. ആഗോള തലത്തിൽ മനുഷ്യരാശിയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസിന്‍റെ പ്രഭവം ചൈനയിലെ വുഹാനിലാണെങ്കിലും അതു യൂറോപ്പിലേയ്ക്കു പറിച്ചു നട്ടത് ഇറ്റലിയിലെ ലൊംബാർഡിയ പ്രവിശ്യയിൽ നിന്നാണ്. ഫുട്ബോൾ കന്പക്കാരുടെ നാടായ ഇറ്റലിയിൽ മൽസരങ്ങൾ നടക്കുന്പോൾ അതിന്‍റെ ആവേശം മൂത്ത് നേരിട്ടു കളി കാണാനെത്തുന്ന ഇതര യൂറോപ്യൻ ജനതയിൽ മുന്നിൽതന്നെയാണ് സ്പെയിൻകാരും. അതുതന്നെയുമല്ല തങ്ങളുടെ രാജ്യക്കാരായ ക്ലബുകാർ മൽസരത്തിനായി മറ്റൊരു രാജ്യത്തെ ക്ലബുമായി മറുനാട്ടിൽ ഏറ്റുമുട്ടുന്പോൾ അതിനെ പിന്താങ്ങിയില്ലെങ്കിൽ പിന്നെയെന്തു രാജ്യസ്നേഹം, എന്തു ഫുട്ബോൾ പ്രേമം എന്നുതന്നെ ചിലപ്പോൾ സ്വയം ചോദ്യമുയരും.

ഫെബ്രുവരി 19 ന് ഇറ്റലിയിലെ ലൊംബാർഡിയിൽ നടക്കേണ്ടിയിരുന്ന യൂറോപ്യൻ ച്യാന്പ്യൻസ് ലീഗ് ഫുട്ബോളിലെ ഒരു പ്രീ ക്വാർട്ടർ ഫൈനൽ മത്സരം ചില സാങ്കേതിക കാരണങ്ങളാൽ മിലാനിലെ ഗിയുസെപ്പെ മെസാ സ്റ്റേഡിയത്തലേക്ക് മാറ്റിയത് യാദൃച്ചികം. അതാവട്ടെ യൂറോപ്പിനെ ആകെ തീച്ചൂളയിലേയ്ക്കു നയിക്കുന്ന കൊറോണയുടെ വിത്തുപാകാൻ സഹായിക്കുകയും ചെയ്തു.

ആദ്യപാദ ഫൈനലിൽ ഏറ്റുമുട്ടിയത് ഇറ്റലിയുടെ അറ്റ്ലാന്‍റയും സ്പാനിഷ് ക്ലബായ വലൻസിയയുമായിരുന്നു. മൽസരത്തിനുആവേശം പകരാൻ മിലാനിലെ സ്റ്റേഡിയത്തിൽ എത്തിയവരിൽ 3000 ഓളം പേർ സ്പെയിനിൽ നിന്നും വന്ന വലൻസിയൻ ക്ലബിന്‍റെ ആരാധകരുമായിരുന്നു. മൽസരം പൊടിപൊടിച്ചതിനൊപ്പം ആഘോഷവും നടന്നു. ഒടുവിൽ കൊറോണയും കൊണ്ട് അവർ സ്വന്തം നാട്ടിൽച്ചെന്ന് പിന്നെയും മൽസരങ്ങളുടെ പിറകെ ആരാധകർ ഓടി. പിന്നീടുള്ള വാരാന്ത്യത്തിൽ സ്പാനിഷ് ലാ ലീഗയിൽ വലൻസിയയും ഡെപൊർട്ടിവോ അലവസുമായി ഏറ്റുമുട്ടുന്നതു കാണാൻ അവിടെയുമെത്തി ഈ ആരാധക കൊറോണ വാഹകർ. അവിടെയും ആഘോഷത്തിന് അതിരില്ലായിരുന്നു. അതിനിടയിൽ വിറ്റോറിയ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനത്തിനും കൊറോണയെ സമ്മാനിച്ചു ഈ ആരാധകർ. രണ്ടാഴ്ചയുടെ അവസാനം വിറ്റോറിയയിൽ എത്തിയവർ സ്പെയിനിലെ ആദ്യത്തെ കൊറോണ പ്രഭവ ദാതാക്കളായി മാറിയത് ഒരുതരത്തിൽ കാൽപ്പന്തുകളിയുടെ ആവേത്തിലൂടെയെന്നതും മറ്റൊരു സത്യം.

കരൾ പിടഞ്ഞു സ്പെയിൻ ; തേങ്ങലൊതുക്കി ജനം : ആശങ്കയോടെ സർക്കാർ

പിന്നീടുള്ള കഥയാണ് സ്പെയിനിനെ ആകെ മാറ്റിമറിച്ചത്. തുടക്കത്തിലെ വൈെറസ് ബാധയുടെ വ്യാപനം വേഗത്തിലായി. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിൻറെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയും ഭാര്യയും മാഡ്രിഡിലെ ഒൗദ്യോഗിക വസതിയിൽ പ്രത്യേക നിരീക്ഷണത്തിലുമായി.

കൊറോണബാധിതരുടെ എണ്ണത്തിൽ ഒറ്റ ദിവസംകൊണ്ട് 18 ശതമാനം വർധനയായതോടെ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ച്, എല്ലാ ജനങ്ങളും വീട്ടിൽ നിന്നു പുറത്തിറങ്ങാതെ കഴിയണമെന്നു സർക്കാർ നിർദേശിച്ചിട്ടും രോഗബാധ പെരുകി. രോഗം ബാധിച്ചതിൽ 42 ശതമാനം പേർ ഇപ്പോഴും ആശുപത്രികളിലുണ്ട്. കറച്ചു പേർ രോഗവിമുക്തരായി. മറ്റുള്ളവർ വീടുകളിൽ തന്നെയാണ് ചികിത്സയിൽ കഴിയുന്നത്.

രോഗം ബാധിച്ച മാഡ്രിഡാണ് ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുന്നത്. രാജ്യത്തെ ആകെ രോഗബാധിതരിൽ 41 ശതമാനവും ഇവിടെയാണ്. ഇത് രാജ്യത്താകെയുള്ള മരണസംഖ്യയുടെ മൂന്നിൽ രണ്ടു വരും.മരണങ്ങളും ബാധിതരുടെ എണ്ണവും കൂടിയപ്പോൾ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് വീടു വിട്ടിറങ്ങാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഒടുവിൽ ആശുപത്രികൾ തികയാതെ വന്നപ്പോൾ സ്പാനിഷ് തലസ്ഥാനത്തെ ഹോട്ടലുകൾ ആശുപത്രികളാക്കി കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നു. രോഗബാധിരുടെ എണ്ണം കുതിച്ചുയരുന്നത് ആശുപത്രികൾക്കു താങ്ങാൻ പറ്റാതെ വരുന്ന സാഹചര്യത്തിലാണ് നടപടി.

ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം ആശുപത്രികളിൽ ചികിത്സിക്കുകയും താരതമ്യേന അപകടസാധ്യത കുറഞ്ഞു നിൽക്കുന്നവരെ ഇത്തരം സൗകര്യങ്ങളിൽ പരിചരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

ആശുപത്രികൾക്കും ഇത്തരം ഹോട്ടലുകൾക്കുമിടയിൽ രോഗികളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നതിന് ആംബുലൻസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്.

വീടിനു പുറത്തിറങ്ങരുതെന്ന സർക്കാർ നിർദേശം ജനങ്ങൾ പൂർണമായി അനുസരിക്കാത്ത സാഹചര്യത്തിൽ കൂടുതൽ കടുത്ത നടപടികളുമായി സ്പാനിഷ് അധികൃതർ മുന്നോട്ടു പോയി.

അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് പുറത്തിറങ്ങി നടക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നതിനുള്ള നടപടികളാക്കി ഉയർത്തി.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആദ്യത്തെ അഞ്ച് ദിവസത്തിനുള്ളിൽ ഇത്തരത്തിൽ 157 പേരെ അറസ്റ്റു ചെയ്തുകഴിഞ്ഞു. മാഡ്രിഡിൽ മാത്രം 907 പേർക്ക് പിഴയും ചുമത്തി.

രണ്ടര ലക്ഷത്തിലധികം പോലീസുകാർക്കും ഒന്നര ലക്ഷത്തോളം സൈനികർക്കും ലോക്ക്ഡൗണ്‍ കർക്കശമായി നടപ്പാക്കാൻ ഇനി നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കെയർഹോമിലെ മുഴുവൻ അന്തേവാസികളും മരിച്ച നിലയിൽ

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്പാനിഷ് സൈനികർ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഒരു ദാരുണ ദൃശ്യത്തിന്. ഒരു കെയർഹോമിലെ അന്തേവാസികൾ മുഴുവൻ അവരുടെ ബെഡുകളിൽ മരിച്ച നിലയിൽ.

കെയർ ഹോമുകൾ അണുവിമുക്തമാക്കാൻ സൈന്യത്തെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് സൈനികർ കെയർഹോമിലുമെത്തിയത്. അന്തേവാസികൾ മരിച്ചതു സംബന്ധിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മാഡ്രിഡിലെ ഐസ് റിങ്ക് മോർച്ചറിയാക്കി

സ്പാനിഷ് തലസ്ഥാനത്തെ ഷോപ്പിംഗ് മാളിലുള്ള ഐസ് റിങ്ക് താത്കാലിക മോർച്ചറിയാക്കി മാറ്റി. കൊറോണവൈറസ് ബാധിച്ചു മരിക്കുന്നവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ മറ്റു സൗകര്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നടപടി.

ഐസ് പാലസ് എന്ന ഷോപ്പിംഗ് സെന്‍ററിലാണ് ഈ സൗകര്യം തയാറാക്കിയിരിക്കുന്നത്. 1800 പേർക്ക് ഒരേസമയം സ്കേറ്റ് ചെയ്യാൻ സൗകര്യമുള്ള വന്പൻ റിങ്കായിരുന്നു ഇത്.

വൈറസ് ബാധ കാരണം സ്പെയ്നിൽ മരിച്ചവരുടെ എണ്ണം മൂവായിരത്തോട് അടുക്കുകയാണ്. ചൊവ്വാഴ്ച മാത്രം 514 പേരാണ് മരിച്ചത്. നാൽപ്പതിനായിരത്തോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ ഏകദേശം 5400 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

അര ലക്ഷം ആരോഗ്യ പ്രവർത്തകരെ അധികമായി നിയോഗിച്ച് സ്പെയ്ൻ

കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി സ്പെയ്ൻ 52,000 ആരോഗ്യ പ്രവർത്തകരെ കൂടി അധികമായി നിയോഗിച്ചു. നിലവിലുള്ള ആശുപത്രികളിൽ സ്ഥലവും സൗകര്യങ്ങളും തികയാതെ വരുന്ന സാഹചര്യത്തിൽ ഫീൽഡ് ഹോസ്പിറ്റലുകളും തയാറാക്കുന്നു.

ഇറ്റലി കഴിഞ്ഞാൽ യൂറോപ്പിൽ ഏറ്റവുമധികം പേർ കൊറോണവൈറസ് ബാധിച്ച് മരിച്ച രാജ്യമാണ് സ്പെയ്ൻ. മരിച്ചവരിൽ ഏറെയും എഴുപതിനു മുകളിൽ പ്രായമുള്ളവരാണ്. അതിൽ തന്നെ എണ്‍പതിനു മുകളിലുള്ളവരാണ് ഭൂരിപക്ഷം. നിലവിൽ തീവ്ര പരിചരണ വിഭാഗങ്ങളിൽ കഴിയുന്നവരിൽ എഴുപതു ശതമാനവും അറുപതിനു മുകളിൽ പ്രായമുള്ളവരുമാണ്.

ചൊവ്വാഴ്ച വൈകിട്ട് വരെ 3,434 പേരാണ് രാജ്യത്ത് കൊറോണവൈറസ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 47,610 പിന്നിട്ടു. രോഗ വിമുക്തി നേടിയത് 5367 ആളുകളാണ്. ഒറ്റ ദിവസം മരണം സംഖ്യ 39 ശതമാനവും രോഗബാധിതരുടെ എണ്ണം 32 ശതമാനവുമാണ് വർധിച്ചത്. മാഡ്രിഡ് കൂടാതെ കറ്റലോണിയ, ബാസ്ക്ക്, അൻഡാലുസിയ തുടങ്ങിയ പ്രദേശങ്ങളാണ് വൈറസ് കൂടുതലായി കീഴ്പ്പെടുത്തിയത്.

മരണം താണ്ഡവനൃത്തം തുടരുന്പോൾ രാജ്യത്ത് നിരന്തരം സേവനസന്നദ്ധരായി മലയാളികളായ വൈദികരും, സിസ്റ്റേഴ്സും, നഴ്സുമാരും,ഡോക്ടേഴ്സും ഒക്കെ ജോലി ചെയ്യുന്നുണ്ട്. ഇവരൊക്കെതന്നെ സുരക്ഷിതരാണെന്നാണ് അവിടെ നിന്നുള്ള വിവരം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ