ലോക്ക്ഡൗണ്‍ കടുപ്പിച്ച് ഇറ്റലി
Thursday, March 26, 2020 12:43 AM IST
റോം: ഇറ്റലിയിലെ ലോക്ക്ഡൗണ്‍ നിയമങ്ങൾ കൂടുതൽ കടുത്തതായി. വീടിനു പുറത്തുപോകണമെങ്കിൽ പുതിയ രേഖ ആവശ്യമാണെന്ന പുതിയ ചട്ടം നിലവിൽ വന്നു. ഇറ്റലി ഇത് മൂന്നാം തവണയാണ് ഡിക്ലറേഷൻ ഫോം പരിഷ്കരിക്കുന്നത്.

രാജ്യത്ത് നിയന്ത്രണങ്ങൾ കർക്കശമാക്കിയതിന്‍റെ ഭാഗമായി, നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയും ചുമത്തിത്തുടങ്ങി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് 3000 യൂറോ വരെയാണ് പിഴ. അത്യാവശ്യങ്ങൾക്ക് പുറത്തു പോകണമെങ്കിലും രേഖകൾ കാണിച്ചാൽ മാത്രമേ അനുവാദം ലഭിക്കൂ.

കൊറോണ വൈറസ് അടിയന്തരാവസ്ഥയുമായി രാജ്യം പോരാടുന്പോൾ, കർശനമായ സ്റ്റേ അറ്റ് ഹോം നിയമങ്ങൾ അനുസരിച്ച്, ഒരാൾ വീട്ടിൽ നിന്ന് പുറത്തുപോകുന്പോഴെല്ലാം കൈവശം കരുതേണ്ട സ്വയം പ്രഖ്യാപന ഫോമാണ് ഇറ്റലിയിലെ ആഭ്യന്തര മന്ത്രാലയം പരിഷ്കരിച്ചത്.

പുതുക്കിയ ഫോം, ഇപ്പോൾ അതിന്‍റെ മൂന്നാം പതിപ്പിൽ, യാത്രാ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതിനെ പ്രതിഫലിപ്പിക്കുന്നു, മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ പ്രാബല്യത്തിൽ വന്ന കൂടുതൽ യാത്രാ നിയന്ത്രണങ്ങളും ഫോമും ആഭ്യന്തര വകുപ്പിന്‍റെ വെബ് സൈറ്റിൽ ലഭ്യമാണ്.

ഇറ്റലിയിൽ താമസിക്കുന്ന ആളുകൾക്ക് സ്വകാര്യമോ പൊതുഗതാഗതമോ വഴി താമസിക്കുന്ന മുനിസിപ്പാലിറ്റിയിൽ നിന്ന് മറ്റെരിടത്തേയ്ക്ക് പുറത്തുപോകാൻ അനുവാദമില്ല. തെരുവിലിറങ്ങുന്ന ആളുകളെ ഇറ്റാലിയൻ പോലീസ് പരിശോധിക്കുന്നുണ്ട്.നിയമം തെറ്റിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കും.

കൊറോണവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടു ദിവസം കുറഞ്ഞതിനെത്തുടർന്ന് നേരിയ ആശ്വാസത്തിലായിരുന്ന ഇറ്റലിക്ക് വീണ്ടും തിരിച്ചടി. മൂന്നാം ദിവസം മരണസംഖ്യ വീണ്ടും കുത്തനെ കൂടി.

ഇതുവരെയായി 69176 പോരാണ് ഇന്നുച്ചവരെ കൊറോണ ബാധ ബാധിച്ചിരിക്കുന്നത്.ഇന്നലെ ഒറ്റദിവസം 743 പേരാണ് മരിച്ചത്. എന്നാൽ ബുധനാഴ്ച ഉച്ചവരെയായി ആകെ 6820 പേർ മരിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ