ഓസ്ട്രിയയിലെ സ്‌കീ റിസോര്‍ട്ട് ടൗണായ ഇഷ്ഗലിലെ സുന്ദരരാത്രികള്‍ കരുതിവച്ചത്
Thursday, March 26, 2020 12:05 AM IST
വിയന്ന: ആല്‍പസ് പര്‍വത നിരകള്‍ക്കു സമീപം, സ്വിറ്റ്‌സര്‍ലന്‍ഡിന്‍റേയും ഇറ്റലിയുടെയും അതിര്‍ത്തി പങ്കിടുന്ന ഓസ്ട്രിയയിലെ തിരോള്‍ സംസ്ഥാനം സ്‌കീ സ്പോര്‍ട്സിനും ആഡംബര റിസോര്‍ട്ടുകള്‍ക്കും പേരുകോട്ട വിനോദസഞ്ചാര കേന്ദ്രമാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ രാജ്യാന്തരമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് തിറോളിലുള്ള ഇഷ്ഗല്‍ എന്ന ചെറുപട്ടത്തില്‍ നിന്നുണ്ടായ അണുബാധയെക്കുറിച്ചാണ്.

തിറോളിലെ ഇഷ്ഗല്‍ ശീതകാല വിനോദ സഞ്ചാരികളുടെയും ആല്‍പ്സിലെ ഏറ്റവും വലിയ സ്‌കീയിംഗ് റിസോര്‍ട്ടുകളുടെയും പ്രമുഖ കേന്ദ്രമാണ്. ശൈത്യകാലമായാല്‍ ഇഷ്ഗലും അതിന്‍റെ പരിസര പ്രദേശങ്ങളും ഓരോ വര്‍ഷവും ആകര്‍ഷിക്കുന്നത് 500,000ലധികം സന്ദര്‍ശകരെയാണ്. പാരീസ് ഹില്‍ട്ടണ്‍, നവോമി കാംപ്‌ബെല്‍, ബില്‍ ക്ലിന്‍റൺ പോലെയുള്ള ഹൈ പ്രൊഫൈല്‍ താരങ്ങളുടെയും പ്രമുഖരുടെയും ഇഷ്ടദേശം കൂടിയാണ് ഇഷ്ഗല്‍.

എന്നാല്‍ യൂറോപ്പിലെ അണുബാധയുടെ കേന്ദ്രമായിട്ടാണ് പല മാധ്യമങ്ങളും ഇപ്പോള്‍ ഇഷ്ഗലിനെ വിശേഷിപ്പിക്കുന്നത്. ജര്‍മ്മനിയിലെയും നോര്‍ഡിക് രാജ്യങ്ങളിലെയും നൂറുകണക്കിന് കൊറോണ പോസിറ്റീവ് കേസുകളുടെ ഉറവിടം തേടിയപ്പോള്‍ അവ ചെന്നെത്തിയത് ഇഷ്ഗലിലാണ്. പ്രധാനമായും അവിടുത്തെ പ്രധാന റിസോര്‍ട്ടുകളിലൊന്നായ കിറ്റ്സ്ലോഹില്‍. റിസോര്‍ട്ടുകളിലെ ഇടുങ്ങിയ ബാറുകളിലും ക്ലബുകളിലും സഞ്ചാരികള്‍ അടുത്തിടപഴകിയത് അണുബാധയുടെ ആക്കം കൂട്ടി. അതേസമയം തിരോളില്‍ വൈറസ് എങ്ങനെയെത്തി എന്നതിന് തെളുവുകള്‍ ഒന്നുമില്ല.

റിസോര്‍ട്ടുകളില്‍ നിന്നും അണുബാധ പടരുന്ന വിവരം റിപ്പോര്‍ട്ടു ചെയ്തിട്ടും ഇഷ്ഗലിലേക്കുള്ള യാത്രയ്ക്കെതിരെ അധികാരികള്‍ മുന്നറിയിപ്പു നല്‍കിയിട്ടും റിസോര്‍ട്ടുകളിലെ ഉല്ലാസരാവുകള്‍ നിലച്ചില്ലന്നാണ് ആരോപണം. മതിയായ മുന്‍കരുതലുകള്‍ ഉണ്ടെന്നായിരുന്നു അവിടെനിന്നും ലഭിച്ച മറുപടി. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു.

മാര്‍ച്ച് 5ന്, ഐസ് ലന്‍ഡ് വിനോദസഞ്ചാരികള്‍ക്ക് കോവിഡ്-19 ബാധിച്ചതായി ഐസ് ലന്‍ഡ് ഓസ്ട്രിയയെ അറിയിച്ചു. തുടര്‍ നടപടികള്‍ മന്ദഗതിയിലായിരുന്നെന് മാധ്യങ്ങള്‍ വിലായിരുത്തുന്നു. ഒടുവില്‍ മാര്‍ച്ച് 10ന് ഇവിടുത്തെ പല റിസോര്‍ട്ടുകളും അടച്ചു. മാര്‍ച്ച് 13 മുതല്‍ നഗരം മുഴുവന്‍ ലോക്ക് ഡൗണ്‍ ചെയ്തു. അപ്പോഴേയ്ക്കും വൈറസ് ലോകത്തിന്‍റെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന നൂറുകണക്കിന് സഞ്ചാരികളെ കീഴ്‌പ്പെടുത്തിയിരുന്നു.

തിരോളില്‍ അണുബാധ വ്യാപനം തടയുന്നതില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയത് വളരെ വൈകിയാണെന്ന വിമര്‍ശനം ഇപ്പോള്‍ ശക്തമാണ്. സാമ്പത്തിക പ്രാധാന്യമുള്ളതും രാഷ്ട്രീയമായി ബന്ധമുള്ളതുമായ ടൂറിസം വ്യവസായത്തിന്‍റെ താത്പര്യങ്ങള്‍ കണക്കിലെടുത്തപ്പോള്‍ ഉണ്ടായ പാളിച്ചകള്‍ സഞ്ചാരികളെ അനാരോഗ്യകരമായി ബാധിച്ചു. അതേസമയം ഇഷ്ഗലിലും പരിസരപ്രദേശത്തും അപകടസാധ്യതയെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാതെ ആളുകള്‍ ഹോട്ടലുകളിലും മറ്റും താമസം തുടര്‍ന്നത് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ വലിയ പിഴവായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു.

യൂറോപ്പ് ഇപ്പോള്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്‍റെ പ്രഭവകേന്ദ്രമാണ്. വൈറസ് വ്യാപനം മന്ദഗതിയിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തികള്‍ എല്ലാം അടച്ചിരിക്കുകയാണ്. ആള്‍ക്കൂട്ടവും വിനോദ സഞ്ചാര കേന്ദ്രങ്ങളും പാര്‍ക്കുകളും ഭാഗികമായും പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. മാര്‍ച്ച് 25ന് ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് ഓസ്ട്രിയയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 5.282 ഉം മരിച്ചവരുടെ എണ്ണം 30 ഉം ആണ്.

റിപ്പോർട്ട്: ജോബി ആന്‍റണി


റിപ്പോർട്ട്: ജോബി ആന്‍റണി