യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ വെന്‍റിലേറ്റർ സമ്മാനിച്ച ഇറ്റാലിയൻ വൈദികൻ മരണം വരിച്ചു
Tuesday, March 24, 2020 10:18 PM IST
റോം: "അനുസരണ ബലിയേക്കാൾ ഉത്തമം' എന്ന ബൈബിൾ വാചകം കൊറോണക്കാലത്തു ചൊല്ലി കോവിഡ് 19 നെ പ്രതിരോധിക്കാം. എന്നാൽ കോവിഡ് 19 ബാധിച്ച് മരണം കവരുമെന്നറിഞ്ഞിട്ടും യുവരോഗിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിയാക്കിയ എഴുപത്തിരണ്ടുകാരനായ ഇറ്റാലിയൻ വൈദികന്‍റെ മഹാമനസ്ക്തയിൽ ലോകം മനസുകൊണ്ട് നമിക്കുകയാണിപ്പോൾ.അതുതന്നെയുമല്ല യന്ത്രങ്ങൾ മനുഷ്യജീവൻ നീട്ടിക്കൊണ്ടു പോകുന്ന ഇക്കാലത്ത് ഇത് ഏറെ പ്രസക്തം തന്നെ. കൊറോണ വൈറസ് കീഴടക്കിയ ഇറ്റലിയിൽ മാർച്ച് 15 നാണ് സംഭവം.

ഇറ്റലിയിലെ ലോവ്റെയിലെ ആശുപത്രിയിൽ കോവിഡ് 19 രോഗ ബാധിതനായി കഴിഞ്ഞിരുന്ന ഫാ. ഡോണ്‍ ജൂസപ്പെ ബെരാർഡെല്ലിയാണ് രോഗിയായ യുവാവിനു വേണ്ടി തന്‍റെ ജീവൻ നിലനിർത്താൻ ഉപയോഗിച്ചിരുന്ന വെറ്റിലേന്‍റർ സമ്മാനിച്ച് മരണം വരിച്ചത്. മറ്റൊരാൾക്കു വേണ്ടി ജീവൻ വെടിഞ്ഞ ഫാ.ഡോണ്‍ ഗീയൂസപ്പെ എന്ന മഹാത്യാഗിയെപ്പറ്റി പ്രമുഖ ജെസ്യൂട്ട് വൈദികൻ ഫാ. ജെയിംസ് മാർട്ടിനാണ് തന്‍റെ ട്വിറ്ററിൽ കുറിച്ചതും പുറംലോകം അറിഞ്ഞതും.

കുടുംബസ്ഥനായ ഒരാൾക്ക് വേണ്ടി സ്വയം മരണം സ്വീകരിച്ച വിശുദ്ധ മാക്സി മില്യൻ കോൾബെയെപ്പോലെ അനുകന്പയുടെ രക്തസാക്ഷി യായി വിശുദ്ധ സ്നേഹത്തിലൂന്നിയ ചാരിറ്റിയുടെ നിറവായി ഫാ.ഡോണ്‍ ദൈവസന്നിധിയിൽ എത്തിയത്.

കൊറോണ എന്ന മഹാമാരി സംഹാര ദൂതനായി എത്തി മരണ താണ്ഡവമാടുന്ന ഇറ്റലിയിൽ ജീവൻ പിടിച്ചു നിർത്താൻ ഉപകരിക്കുന്ന വെന്‍റിലേറ്ററുകളുടെ ദൗർലഭ്യം വളരെ രൂക്ഷമായിരിക്കുന്ന ഒരു നിസഹായവസ്ഥയിലാണ് ഈ സംഭവം. രോഗത്തിന്‍റെ പിടിയിൽ മരണവുമായി മല്ലിട്ട് അതിജീവനത്തിനായി ശ്രമിക്കുന്ന സമയത്താണ് ഫാ.ഡോണ്‍ ഗീയൂസപ്പെ തനിക്കനുവദിച്ച വെന്‍റിലേറ്റർ യുവരോഗിക്കു കരുണയുടെ രൂപത്തിൽ സമ്മാനിച്ചത്. ജീവൻ തുടിക്കുന്ന യുവാവിന്‍റെ മുഖം ദൈവത്തിന്‍റെ മുഖം കണ്ട്, ദൈവത്തിന്‍റെ ഹിതമാക്കി യാത്രയായപ്പോൾ ആ മനസ് എത്ര സന്തോഷിച്ചിരിക്കും. അന്യരുടെ കണ്ണീരൊപ്പാൻ വിശ്വാസികളിൽ നിന്നും ജീവകാരുണ്യത്തിനായി സാന്പത്തികം ഉൾപ്പടെയുള്ള സഹായങ്ങൾ സ്വീകരിച്ച് വടക്കൻ ഇറ്റാലിയൻ പ്രവിശ്യയായ ബർഗാമോയിലെ കാസ്നിഗോ ഇടവക സമൂഹത്തിനു നൽകിയിരുന്നു. മോട്ടോർ സൈക്കിളിൽ ചുറ്റിയടിച്ച് ഇടവകയുടെ ഹൃദയഗതങ്ങൾ സ്വന്തം ഹൃദയ സ്പന്ദനങ്ങളാക്കി മാറ്റിയ ഇടവകക്കാരുടെ ഹൃദയം കവർന്ന പ്രിയങ്കരനായ ഫാ.ഡോണ്‍ ഗീയൂസപ്പെയുടെ വിയോഗത്തിൽ വിതുന്പാനും ഒരുതുള്ളി കണ്ണീർ വീഴ്ത്താനും ആ ഇടവകയിൽ ആരുമില്ലെന്ന കാര്യവും ദൈവഹിതം.അത്ര ഭീകരമായിപ്പോയി കൊറോണയുടെ അവിടുത്തെ സംഹാരം. സ്വന്തം ജീവൻ ബലിനൽകി വിശുദ്ധിയുടെ പടവുകൾ താണ്ടിയ മാക്സിമില്യൻ കോൾബെയുടെ പിൻഗാമിയെന്നു ഫാ.ഡോണ്‍ ഗീയൂസപ്പെയെ കാലം വിശേഷിപ്പിക്കുമെന്നു തീർച്ച.

യഥാർത്ഥത്തിൽ ബെരാർഡെല്ലിക്ക് അനുവദിച്ച വെന്‍റിലേറ്റർ ആരാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും കരുണയുടെ മുഖം പ്രതിഫലിക്കുന്ന ഈ പ്രവൃത്തിമൂലം ഒരു യുവാവിന്‍റെ ജീവൻ രക്ഷിക്കാനായി.

അതേസമയം ഇറ്റലിയിൽ അറുപതോളം വൈദികരാണ് കൊറോണ ബാധിച്ച് നിത്യതയിലേക്ക് വിളിക്കപ്പെട്ടത്. പൊതുവായ ബലിയർപ്പണം താത്കാലികമായി നിർത്തിയെങ്കിലും കൊറോണ മൂലം ക്ലേശിക്കുന്ന ജനങ്ങളോടൊപ്പം വൈദികർ ഇപ്പോഴും സേവനത്തിന്‍റെ പാതയിൽ തുടരുകയാണ്. ഇതിന്‍റെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഫാ. ഡോണ്‍ ഗീയൂസപ്പെ ബെരാർഡെല്ലി. ഒട്ടനവധി സന്യസ്തരെയും രോഗം ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച ഒരു ബിഷപ് സുഖംപ്രാപിച്ചുവരുന്നു.

ആരോഗ്യ സംവിധാനം പൂർണമായും താറുമാറായ അവസ്ഥയിൽ മഹാദുരന്തമായ കൊറോണ മൂലം 6,000 ത്തിലധികം ഇറ്റലിക്കാരാണ് ഇപ്പോൾ മരിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ