മാർച്ച് 25 ആഗോള പ്രാർഥന ദിനമാക്കി മാറ്റണമെന്ന് ഫ്രാൻസിസ് പാപ്പ
Monday, March 23, 2020 8:40 PM IST
വത്തിക്കാൻസിറ്റി: ആഗോള തലത്തിൽ മനുഷ്യവംശത്തിനു ഭീഷണിയായ കൊറോണ വൈറസ് എന്ന കോവിഡ് 19 അത്യന്തം ഗുരുതരമായി പടരുന്ന സാഹചര്യത്തിൽ മാർച്ച് 25 (ബുധൻ) പ്രത്യേക പ്രാർഥനാദിനമായി ആചരിക്കാൻ ഫ്രാൻസിസ് പാപ്പ ലോകമെന്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തു. ഞായറാഴ്ച അപ്പസ്തോലിക് ലൈബ്രറിയിൽ നടത്തിയ ത്രികാല ജപമാലപ്രാർഥനയുടെ സമാപനത്തിലാണ് മാർപാപ്പ ഇത്തരമൊരു ആഹ്വാനം നടത്തിയത്.

പരിശുദ്ധ കന്യാമാതാവിനുള്ള ഗബ്രിയേൽ മാലാഖയുടെ മംഗളവാർത്തയുടെ തിരുനാളായി ആഗോള സഭ ആചരിക്കുന്ന ദിനമാണ് മാർച്ച് 25. അന്നാണ് പ്രത്യേകം പ്രാർഥന നടത്തുവാൻ മാർപാപ്പ ആഹ്വാനം ചെയ്തത്. കൊറോണ എന്ന മഹാമാരിക്കു മുന്നിൽ മാനവരാശി ഭയന്നിരിക്കുകയാണെന്നും ഈയവസരത്തിൽ, ക്രൈസ്തവസമൂഹം ഒന്നുചേർന്ന് പ്രാർഥനകൾ നടത്തണമെന്നും മാർപാപ്പ പറഞ്ഞു.

അതേസമയം ഉയിർപ്പ്, ക്രിസ്മസ് തിരുനാളുകളിൽ മാത്രം നൽകുന്ന പ്രത്യേക സന്ദേശമായ ’ഉർബി ഏത് ഓർബി’ അഥവാ "നാടിനും നഗരത്തിനും വേണ്ടി’ ആശീർവാദം മാർച്ച് 27നു നൽകുമെന്നും പാപ്പ അറിയിച്ചു. അപൂർവങ്ങളിൽ അപൂർവമായാണ് ക്രിസ്മസ്, ഈസ്റ്റർ അല്ലാത്ത ദിവസങ്ങളിൽ ’ഉർബി ഏത് ഓർബി’ നൽകുന്നത്. മാർച്ച് 27 നു വൈകിട്ട് ആറിനു വത്തിക്കാനിൽ നിന്നു നൽകുന്ന സന്ദേശം വിവിധ ചാനലുകൾ തത്സമയം സംപ്രേക്ഷണം ചെയ്യും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ