സ്വിറ്റ്സര്‍ലന്‍ഡില്‍ സംഘം ചേരുന്നതിന് നിരോധനം
Saturday, March 21, 2020 8:37 PM IST
ജനീവ: അഞ്ച് പേരിലധികം സംഘം ചേരുന്നത് നിരോധിച്ച് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, കര്‍ഫ്യൂ പൂര്‍ണമായി പ്രഖ്യാപിച്ചിട്ടില്ല.

ഇതര രാജ്യങ്ങള്‍ സ്വീകരിച്ചതു പോലുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അത് രാഷ്ട്രീയ പ്രഹസനം മാത്രമായിരിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

ആളുകള്‍ പരസ്പരം രണ്ടു മീറ്റര്‍ അകലം പാലിക്കണം. അനുസരിക്കാത്തവര്‍ക്ക് പിഴ ചുമത്താനും ആലോചിക്കുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനും ശുചീകരണത്തിനും സൗകര്യമില്ലാത്ത ബില്‍ഡിംഗ് സൈറ്റുകള്‍ അടച്ചുപൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കൂടുതല്‍ കടുപ്പിച്ച് ഫ്രാന്‍സ്

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപടികള്‍ ഫ്രാന്‍സ് കൂടുതല്‍ കര്‍ക്കശമാക്കി. ഇതനുസരിച്ച്, വേട്ട, മലകയറ്റം, മീന്‍പിടിത്തം തുടങ്ങിയ ഹോബികള്‍ കൂടി നിരോധിച്ചു.

ബീച്ചുകളില്‍ ആരും പോകരുതെന്നും കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

വീടുകളില്‍ നിന്നു പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങളിലും ഭേദഗതി വരുത്തി. ഇതനുസരിച്ച്, ജോലിക്കു പോകാനോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനോ ഡോക്ടറെ കാണാനോ അടിയന്തരമായ കുടുംബ ആവശ്യങ്ങള്‍ക്കോ ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്നതിനോ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

പാരീസില്‍ പോലീസ് മേധാവി നഗരത്തിന്‍റെ പല ഭാഗങ്ങളിലും സമ്പൂര്‍ണ യാത്രാ നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ കൂടുതല്‍ നടപടികളുമായി സ്പെയ്ന്‍

വീടിനു പുറത്തിറങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ജനങ്ങള്‍ പൂര്‍ണമായി അനുസരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളുമായി സ്പാനിഷ് സർക്കാർ.

അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആദ്യത്തെ അഞ്ച് ദിവസത്തിനുള്ളില്‍ ഇത്തരത്തില്‍ 157 പേരെ അറസ്റ്റു ചെയ്തുകഴിഞ്ഞു. മാഡ്രിഡില്‍ മാത്രം 907 പേര്‍ക്ക് പിഴയും ചുമത്തി.

രണ്ടര ലക്ഷത്തിലധികം പോലീസുകാര്‍ക്കും ഒന്നര ലക്ഷത്തോളം സൈനികര്‍ക്കും ലോക്ക്ഡൗണ്‍ കര്‍ക്കശമായി നടപ്പാക്കാന്‍ ഇനി നിര്‍ദേശം നല്‍കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഓസ്ട്രിയയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 13 വരെ നീട്ടി

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഓസ്ട്രിയ ഏപ്രില്‍ 13 വരെ നീട്ടി. അതിനു ശേഷം അപ്പോഴത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സാധ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിക്കുമെന്നും ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ