കോവിഡില്‍നിന്നു മുക്തരായവരുടെ ശ്വാസകോശത്തിനു ശേഷി കുറഞ്ഞെക്കുമെന്നു റിപ്പോർട്ട്
Saturday, March 21, 2020 8:24 PM IST
ബർലിൻ: ലോകത്തിൽ ഇതിനകം എണ്‍പത്താറായിരത്തിലധികം പേര്‍ക്ക് കോവിഡ് 19 ഇതിനകം ഭേദമായിട്ടുണ്ട്. രോഗം മൂര്‍ച്ഛിക്കാതിരുന്നതോ മികച്ച ചികിത്സ ലഭ്യമായതോ ആണ് ഇതിനു കാരണം. എന്നാല്‍, ഈ ആശ്വാസത്തിനൊപ്പം ഒരു ആശങ്കക്കു കൂടി പിറവിയെടുക്കുകയാണ്.

ചൈനീസ് ഗവേഷകരുടെ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍, കോവിഡ് 19 മാറിയവരുടെ ശ്വാസകോശത്തിനു ശേഷം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്. പരിഹരിക്കാനാവാത്ത തകരാര്‍ ശ്വാസകോശത്തില്‍ അവശേഷിപ്പിച്ചാണ് കൊറോണവൈറസ് ഓരോ ശരീരത്തോടും വിടപറയുന്നതെന്നര്‍ഥം.

ശ്വാസകോശത്തിന്‍റെ താഴേ ഭാഗത്താണ് കൊറോണവൈറസ് ബാധിക്കുന്നത്. വരണ്ട ചുമയും ശ്വാസതടസവും ന്യുമോണിയയുമാണ് ഇതിന്‍റെ അനന്തരഫലങ്ങള്‍. ഈ ലക്ഷണങ്ങള്‍ രോഗത്തോടൊപ്പം അപ്രത്യക്ഷമാകുന്നുണ്ട്. എന്നാല്‍, ശ്വാസകോശത്തിനു സംഭവിക്കുന്ന തകരാറ് വിശദമായ പരിശോധനയിലൂടെ വ്യക്തമാകും.

നിലവില്‍ 12 പേരില്‍ മാത്രമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയിട്ടുള്ളത്. ഇതില്‍ മൂന്നില്‍ രണ്ട് ആളുകള്‍ക്കും ശ്വാസകോശത്തിന്‍റെ ശേഷി കുറഞ്ഞതായാണ് കാണുന്നത്. ഇത് വ്യാപകമായൊരു പ്രതിഭാസമാണോ എന്നറിയാന്‍ കൂടുതല്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ ആവശ്യമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ