സിഡിയു നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും
Tuesday, February 25, 2020 10:21 PM IST
ബര്‍ലിന്‍: അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബൗവര്‍ രാജിവച്ച ഒഴിവില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും. ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ സ്ഥാനാര്‍ഥിപട്ടികയും വ്യക്തമാകും.

പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പ്രത്യേക പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 25നു നടത്തുമെന്ന് അന്നഗ്രെറ്റ് തന്നെയാണ് പ്രഖ്യാപിച്ചത്. പുതിയ നേതാവ് തന്നെയായിരിക്കും ആഗല മെര്‍ക്കലിന്‍റെ പിന്‍ഗാമി എന്ന നിലയില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയും.

മെര്‍ക്കലിന്‍റെ കടുത്ത എതിരാളിയായി അറിയപ്പെടുന്ന ഫ്രെഡറിക് മെര്‍സ്, മെര്‍ക്കല്‍ വിമര്‍ശകനും ആരോഗ്യ മന്ത്രിയുമായ യെന്‍സ് സ്പാന്‍ എന്നിവരാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍.

സിഡിയുവിന്‍റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ സിഎസ് യുവിന്‍റെ നേതാവ് മാര്‍ക്കസ് സോഡറാണ് രംഗത്തു വരാനിടയുള്ള മറ്റൊരു പ്രമുഖന്‍. മുന്‍ മന്ത്രി നോര്‍ബര്‍ട്ട് റോട്ട്ജന്‍, നോര്‍ത്ത് റൈന്‍~വെസ്റ്റ്ഫാലിയ മുഖ്യമന്ത്രി ആര്‍മിന്‍ ലാഷെ എന്നിവരും സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരാണ്.

നിലവില്‍ റോട്ട്ജെന്‍ മാത്രമാണ് ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. മെര്‍സും സ്പാനും പരോക്ഷമായും താത്പര്യം അറിയിച്ചു കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ