സിറിയയിലേത് രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പലായനം
Tuesday, February 25, 2020 10:17 PM IST
ജനീവ: രണ്ടാംലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പലായനമാണ് സിറിയയില്‍നിന്ന് ഇപ്പോള്‍ നടക്കുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ മിഷേല്‍ ബാച്ലെറ്റ്.

വടക്കു പടിഞ്ഞാറന്‍ സിറിയയിലെ യുദ്ധം ആ മേഖലയിലെ ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതം ഭീകരമാണ്. ജനങ്ങള്‍ക്ക് സുരക്ഷിതമായി ഇതരമേഖലകളിലേക്കെത്താനുള്ള പാതയൊരുക്കണമെന്നും കമ്മീഷണര്‍ അഭ്യര്‍ഥിച്ചു.

ഈ വര്‍ഷം ഇതുവരെ 300ഓളം സാധാരണ മനുഷ്യരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 93 ശതമാനം മരണങ്ങള്‍ക്കും കാരണം സര്‍ക്കാര്‍ പക്ഷത്തിന്‍റെ ആക്രമണമാണ്.

സിറിയയും സഖ്യകക്ഷിയായ റഷ്യയും മനഃപൂര്‍വം സിവിലിന്‍മാരെ ലക്ഷ്യമിടുന്നതായി ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ലെറ്റ് പറഞ്ഞു. ഒരു താവളവും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ആക്രമണം തുടരുകയാണ്. കൂടുതല്‍ ജനം കൊല്ലപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു - മിഷേല്‍ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ