കൊറോണ ഭീതിയില്‍ യൂറോപ്പ്
Monday, February 24, 2020 10:38 PM IST
ബർലിൻ: ഇറ്റലിയില്‍ മൂന്നു പേര്‍ മരിക്കുകയും 150 പേര്‍ രോഗബാധിതരാകുകയും ചെയ്തതോടെ യൂറോപ്പില്‍ കൊറോണ വൈറസ് ഭീതി വ്യാപകമായി പടര്‍ന്നു പിടിക്കുന്നു. ഇറ്റലിയിലാണ് രോഗ സാധ്യത ഇപ്പോള്‍ ഏറ്റവും ശക്തമായി ഉന്നയിക്കപ്പെടുന്നത്. ഇതെത്തുടര്‍ന്ന് വെനീസ് കാര്‍ണിവല്‍ റദ്ദാക്കി.

അര്‍മാനി ഫാഷന്‍ ഷോയും ഉപേക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കാണികളെ പ്രവേശിപ്പിക്കാതെ ഇത് ഓണ്‍ലൈനായി സ്ട്രീം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

രാജ്യത്തെ 12 നഗരങ്ങള്‍ അകത്തേക്കോ പുറത്തേക്കോ പ്രവേശനമില്ലാതെ അടച്ചു കഴിഞ്ഞിരിക്കുകയാണ് ഇറ്റലി.

അയല്‍ രാജ്യങ്ങളിലും ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു പോരുന്നു. അതിര്‍ത്തി കടന്നു പോകുകയും വരുകയും ചെയ്യുന്ന എല്ലാ ട്രെയ്നുകളും ഓസ്ട്രിയ റദ്ദാക്കി.

ഇറ്റലിയില്‍ ഒരാഴ്ചയ്ക്കിടെയാണ് മൂന്നു പേര്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. ലോകത്താകമാനം 2470 പേരുടെ ജീവന്‍ ഈ വൈറസ് കവര്‍ന്നെടുത്തു കഴിഞ്ഞു. ആകെ 78,986 പേര്‍ രോഗബാധിതരുമായി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍