ബ്രിട്ടന്‍റെ പുതിയ പാസ്പോർട്ട് ബോറിസ് ജോണ്‍സണ്‍ പുറത്തിറക്കി
Monday, February 24, 2020 8:31 PM IST
ലണ്ടൻ: ബ്രെക്സിറ്റ് അനന്തര ബ്രിട്ടന്‍റെ പുതിയ പാസ്പോട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തിറക്കി.ഡാർക് ബ്ളൂ നിറത്തിലുള്ള പുതിയ പാസ്പോർട്ട് ഈ വർഷം മാർച്ചു മുതൽ പഴയ പാസ്പോർട്ട് പുതുക്കുന്നവർക്ക് വിതരണം ചെയ്യുമെന്ന് ബോറിസ് അറിയിച്ചു.

നിലവിൽ ഉപയോഗിക്കുന്ന പാസ്പോർട്ട് കാലാവധി കഴിയുംവരെ ഉപയോഗിക്കാം.
1973 ൽ യൂറോപ്യൻ യൂണിയനിൽ അംഗമായതിനുശേഷം 1988 ലാണ് നിലവിലെ ബർഗുണ്ടി നിറത്തിലുള്ള പാസ്പോർട്ട് ബ്രിട്ടൻ സ്വീകരിക്കുന്നത്. ബ്രെക്സിറ്റിനെ അധികരിച്ച് 32 വർഷത്തെ ഇടവേളയ്ക്ക് ശേഷം മാർച്ചിൽ കടുംനീല നിറത്തിലുള്ള പാസ്പോർട്ടുകൾ നിലവിൽവരും.

1920 ൽ പഴയ രൂപകൽപ്പന ചെയ്ത ബ്രിട്ടീഷ് പാസ്പോർട്ടുകളുടെ തുടർച്ചയെന്നോണം പരന്പര്യം നിലനിർത്തുന്നതാണ് പുതിയതിന്‍റെ വരവ്. ഇതിന്‍റെ ആവശ്യം രണ്ടു വർഷം മുന്പ് ബ്രെക്സിറ്റിനെ മുൻനിർത്തി അന്നത്തെ ഇമിഗ്രേഷൻ മിനിസ്റ്റർ ബ്രാൻഡൻ ലെവിസ് വ്യക്തമാക്കിയിരുന്നു.
നിലവിലുള്ള പാസ്പോർട്ടുകൾ അവയുടെ കാലഹരണ തീയതി വരെ സാധുവായി തുടരും, എന്നാൽ 2021 ജനുവരി 1 മുതൽ യാത്ര ചെയ്യുകയാണെങ്കിൽ ബ്രിട്ടീഷ് പാസ്പോർട്ട് നേരത്തെ പുതുക്കേണ്ടതുണ്ട്.

പുതിയ പാസ്പോർട്ട് പോളണ്ടിലാണ് നിർമിച്ചത്. 16 വയസിനു മുകളിലുള്ളവർക്ക് പത്തുവർഷമാണ് പാസ്പോർട്ടിന്‍റെ കാലാവധി. 16 വയസിനു താഴെയുള്ളവർക്ക് അഞ്ചു വർഷത്തെ കാലാവധി മാത്രമാണുള്ളത്.

പുതിയ പാസ് പോർട്ടിൽ രാജമുദ്ര യോടൊപ്പം യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലൻഡ് എന്ന് മുദ്രണം ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ട് വെയിൽസ് സ്കോട്‌ലൻഡ് നോർത്തേൺ അയർലൻഡ് എന്നിവയുടെ പുഷ്പ ചിഹ്ന്നങ്ങൾ കോർത്തിണക്കിയ മുദ്രയും പുറം ചട്ടയ്ക്ക് ഭംഗി പകരും.

ഏറ്റവും ന്യൂതനമായ സുരക്ഷാ മുൻകരുതലുകൾ പാസ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.പോളി കാർബണേറ്റ് ഡാറ്റ പേജുകൾ പാസ്പോർട്ടിന്‍റെ മറ്റൊരു പ്രത്യേകത ആണ്. വ്യാജ നിർമാണം ഒരുതരത്തിലും സാധ്യമല്ലെന്നാണ് സർക്കാരിന്‍റെ അവകാശവാദം.

ലോകത്തിൽ 81 രാജ്യങ്ങളാണ് നീല നിറത്തിലുള്ള പാസ്പോർട്ട് ഉപയോഗിക്കുന്നത്. ഇന്ത്യ,അമേരിക്ക, ഓസ്ട്രേലിയ, കാനഡ എന്നിവയ്ക്കൊപ്പം ഇനി ബ്രിട്ടനും നീല കൈക്കൊള്ളും.

ബ്രെക്സിറ്റ് ആഘോഷത്തിന്‍റെ ഭാഗമാണ് നീല പാസ്പോർട്ടെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. പ്രിന്‍റ് ചെയ്തെടുക്കാൻ വരുന്ന കാലതാമസം കാരണം ബ്രിട്ടീഷ് ഹോളിഡേ മേക്കർമാർക്ക് വേനൽക്കാലത്ത് പാസ്പോർട്ട് പുതുക്കുന്നതിലൂടെ നീലനിറത്തിലുള്ളത് ലഭ്യമാവില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ