ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയം യൂറോപ്പിലുള്ള ബ്രിട്ടീഷുകാര്‍ക്ക് ആശങ്ക
Saturday, February 22, 2020 12:08 PM IST
ലണ്ടന്‍: ബ്രെക്‌സിറ്റ് അനന്തര കുടിയേറ്റ നയത്തിന്റെ കരട് ബ്രിട്ടന്‍ പുറത്തുവിട്ടതോടെ ആശങ്കയിലായിരിക്കുന്നത് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍. യൂറോപ്യന്‍ കുടിയേറ്റം ബ്രിട്ടന്‍ നിര്‍ത്തലാക്കുന്നതോടെ ബ്രിട്ടീഷുകാര്‍ക്കു മുന്നില്‍ യൂറോപ്യന്‍ യൂണിയന്റെ വാതിലുകളും അടയുമെന്നതാണ് ഇതിനു കാരണം.

ഇതര രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കു തുല്യമായ പരിഗണന മാത്രമാണ് പുതിയ നയത്തില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കും നല്‍കുന്നത്. ആ സ്ഥിതിക്ക് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് തിരിച്ചും യൂറോപ്യന്‍ യൂണിയനില്‍നിന്ന് യാതൊരു വിധത്തിലുള്ള ആനുകൂല്യങ്ങളും പ്രതീക്ഷിക്കാന്‍ കഴിയില്ല.

യൂറോപ്യന്‍ യൂണിയനിലെ സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ക്ക് പൂര്‍ണമായി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ക്കും 2020 ഡിസംബര്‍ 31ന് അവസാനിക്കുന്ന ട്രാന്‍സിഷന്‍ സമയത്തിനുള്ളില്‍ കുടിയേറുന്നവര്‍ക്കും മാത്രമാണ് തത്കാലത്തേക്കെങ്കിലും ആനുകൂല്യം ലഭിക്കുക. അടുത്ത വര്‍ഷം ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയം നടപ്പാക്കുന്നതോടെ സാഹചര്യങ്ങള്‍ മാറും.

യൂറോപ്പിനു പുറത്തുള്ളവരെ പോലെ വിസയെടുക്കാതെ ബ്രിട്ടീഷുകാര്‍ക്കും യൂറോപ്യന്‍ യൂണിയനുള്ളില്‍ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് വരാനിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമുള്ള ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുകയാണ് സ്വതന്ത്ര സഞ്ചാരം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നില്‍ പിന്നീട് ശേഷിക്കുന്ന മാര്‍ഗം.

യൂറോപ്യന്‍ തൊഴിലാളികള്‍ക്കും യുകെയില്‍ ഇംഗ്‌ളീഷ് നിര്‍ബന്ധമാക്കും

ബ്രെക്‌സിറ്റ് അനന്തര കുടിയേറ്റ നയത്തിന് ബ്രിട്ടന്‍ അന്തിമ രൂപം നല്‍കുന്നു. ഇതനുസരിച്ച്, യൂറോപ്യന്‍ യൂണിയനില്‍ നിന്നു കുടിയേറുന്ന തൊഴിലാളികള്‍ക്കും ഇംഗ്‌ളീഷ് പരിജ്ഞാനം നിര്‍ബന്ധിതമാക്കും. നിലവില്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്കു മാത്രമാണ് ഈ നിബന്ധനയുള്ളത്.

വിവിധ ജോലികള്‍ക്കായി ഉന്നത പ്രാവീണ്യമുള്ളവരെ മാത്രം സ്വീകരിച്ചാല്‍ മതിയെന്നും വ്യവസ്ഥ ചെയ്യും. യൂറോപ്പില്‍നിന്ന് കുറഞ്ഞ കൂലിക്ക് അവിദഗ്ധ തൊഴിലാളികളെ എത്തിക്കുന്ന രീതി അവസാനിപ്പിക്കാനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഈ നയം ഇന്ത്യ അടക്കം യൂറോപ്പിനു പുറത്തുനിന്നുള്ള തൊഴിലന്വേഷകരുടെ സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നും വിലയിരുത്തല്‍.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവരും വിസക്ക് അപേക്ഷിക്കുമ്പോള്‍, കൃത്യമായ ജോലി ഓഫറും കാണിക്കേണ്ടി വരും. 25,600 പൗണ്ടെങ്കിലും ശമ്പളമില്ലാത്തവര്‍ക്ക് വിസ കിട്ടില്ല. എന്നാല്‍, മതിയായ ആളില്ലാത്ത നഴ്‌സിങ് പോലുള്ള മേഖലക്ക് 20,480 പൗണ്ട് ആണെങ്കിലും വിസ നല്‍കും എന്നത് ഇന്ത്യക്കാര്‍ ഗുണകരമാണ്.

ഫ്രാന്‍സും ഇറ്റലിയുമൊക്കെ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി അതിര്‍ത്തി കടക്കാനാകില്ല. വിദേശികള്‍ക്ക് വിദഗ്ധ തൊഴിലാളിയായി ജോലി ചെയ്യണമെങ്കില്‍ ബിരുദം വേണമെന്നത് 'എ ലെവല്‍' ആയി കുറക്കും. കലാ~ കായിക~ സംഗീത മേഖലയിലുള്ളവര്‍ പരിപാടികള്‍ അവതരിപ്പിക്കാനും മത്സരത്തിനും മറ്റുമായി വരുന്നത് തുടര്‍ന്നും പ്രോത്സാഹിപ്പിക്കും.

പോയിന്റ് അടിസ്ഥാനത്തില്‍ വിവിധ കാര്യങ്ങള്‍ പരിഗണിച്ച് വിസ അനുവദിക്കാനാണ് തീരുമാനം. അപേക്ഷകരുടെ യോഗ്യത, ശമ്പളം, തൊഴില്‍ പരിചയം, വൈദഗ്ധ്യം തുടങ്ങിയവക്ക് വിവിധ പോയന്റുകള്‍ നല്‍കും. 70ല്‍ താഴെ പോയന്റ് ലഭിക്കുന്നവര്‍ക്ക് വിസ അനുവദിക്കില്ല. 2021 ജനുവരി ഒന്നിന് ഈ സമ്പ്രദായം നിലവില്‍വരും. യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ളവരെയും അല്ലാത്തവരെയും ഒരുപോലെ പരിഗണിക്കുന്ന വ്യവസ്ഥയാണ് നടപ്പിലാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍