ജനാധിപത്യം സംരക്ഷിക്കാന്‍ ജര്‍മന്‍കാരോട് പ്രസിഡന്‍റിന്‍റെ ആഹ്വാനം
Friday, February 14, 2020 10:06 PM IST
ഡ്രസ്ഡന്‍: ജനാധിപത്യം സംരക്ഷിക്കണമെന്ന് ജര്‍മന്‍ ജനതയോട് പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മെയറുടെ ആഹ്വാനം. രണ്ടാം ലോക യുദ്ധ കാലത്തെ ഡ്രസ്ഡന്‍ ബോംബാക്രമണത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികാചരണത്തിന്‍റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ജര്‍മന്‍ രാഷ്ട്രീയത്തില്‍ തീവ്ര വലതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് സ്റ്റിന്‍മെയറുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട കാല്‍ ലക്ഷം പേരെ അനുസ്മരിക്കുമ്പോള്‍ തന്നെ രണ്ടാം ലോകയുദ്ധത്തിനു പിന്നില്‍ ജര്‍മനിക്കുണ്ടായിരുന്ന പങ്കും വിസ്മരിക്കാന്‍ കഴിയില്ലെന്ന് സ്റ്റീന്‍മെയര്‍ പറഞ്ഞു.

നാസികളുടെ യുദ്ധ കുറ്റകൃത്യങ്ങള്‍ കുറച്ചു കാണിക്കുന്നതിന്, ഡ്രസ്ഡന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജര്‍മനിക്കാരുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നത് ജര്‍മനിയിലെ തീവ്ര വലതുപക്ഷത്തിന്‍റെ പതിവാണ്.

വാര്‍ഷികാചരണത്തോടനുബന്ധിച്ച് സമാധാനവും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിക്കാന്‍ സംഘടിപ്പിച്ച മനുഷ്ചങ്ങലയിലും ജര്‍മന്‍ പ്രസിഡന്‍റ് അണിചേര്‍ന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ