തുരിംഗന്‍ അട്ടിമറി: മെര്‍ക്കല്‍ ജൂണിയര്‍ മിനിസ്റ്ററെ പുറത്താക്കി
Monday, February 10, 2020 10:16 PM IST
ബര്‍ലിന്‍: തുരിംഗനില്‍ സ്റ്റേറ്റ് പാര്‍ലമെന്‍റിലേക്കു നടന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ എ എഫ് ഡി പിന്തുണയോടെ എഫ് ഡി പി സ്ഥാനാര്‍ഥി ജയിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങള്‍ ജര്‍മനിയില്‍ പുതിയ വഴിത്തിരിവിലെത്തി. തീവ്ര വലതുപക്ഷവുമായി കൂട്ടുചേര്‍ന്നു എന്നാരോപിച്ച് ജൂണിയര്‍ മിനിസ്റ്റര്‍ ഉള്‍പ്പെടെ രണ്ട് പേരെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പുറത്താക്കി.

പൂര്‍വ ജര്‍മനിക്കായുള്ള സര്‍ക്കാര്‍ കമ്മിഷണര്‍ ക്രിസ്റ്റ്യന്‍ ഹിര്‍റ്റെയാണ് പുറത്താക്കപ്പെട്ട രണ്ടാമത്തെയാള്‍. സംസ്ഥാന പാർലമെന്‍റിൽ അഞ്ച് അംഗങ്ങള്‍ മാത്രമുള്ള എഫ് ഡി പിയുടെ പ്രതിനിധിയായ തോമസ് കെമ്മറിച്ച് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ തല്‍സ്ഥാനം രാജിവച്ചിരുന്നു. രാജിക്കു മുന്‍പ് കെമ്മറിച്ചിനെ അഭിനന്ദിച്ചതിനാണ് ജൂണിയര്‍ മിനിസ്റ്ററെ മെര്‍ക്കല്‍ പുറത്താക്കിയത്.

തുരിംഗന്‍ തെരഞ്ഞെടുപ്പുഫലം അക്ഷന്തവ്യമാണെന്നാണ് ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന മെര്‍ക്കല്‍ പ്രതികരിച്ചത്. തുരിംഗിയന്‍ സംസ്ഥാന പാർലമെന്‍റിൽ ഇത്ര വലിയ രാഷ്ട്രീയ നാടകങ്ങളും അട്ടിമറിയും നടന്ന സാഹചര്യത്തില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താനാണ് ഭരണസഖ്യം ആലോചിക്കുന്നത്. എസ് പി ഡിയും സി എസ് യുവും ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ