ഫെയ്സ്ബുക്കിന്‍റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു
Monday, February 10, 2020 10:09 PM IST
ബര്‍ലിന്‍: സോഷ്യല്‍ നെറ്റ് വർക്കിംഗ് വെബ്സൈറ്റായ ഫെയ്സ്ബുക്കിന്‍റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. പ്രമുഖ ഹാക്കിംഗ് ഗ്രൂപ്പായ "ഔര്‍മൈന്‍' ആണ് ഫെയ്സ്ബുക്കിന്‍റെയും മെസഞ്ചറിന്‍റേയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി അറിയിച്ചത്.

""ഞങ്ങള്‍ ഔര്‍മൈന്‍. ഫെയ്സ്ബുക്കിനെ വരെ ഹാക്ക് ചെയ്യാന്‍ കഴിയും, എന്നിരുന്നാലും ട്വിറ്ററിനെക്കാള്‍ മെച്ചപ്പെട്ട സുരക്ഷയൊരുക്കുന്നുണ്ട് അവര്‍. സ്വയം സുരക്ഷിതരാകാന്‍ ഞങ്ങളെ സമീപിക്കുക'', ബന്ധപ്പെടാനുള്ള ഇമെയില്‍ വിലാസം സഹിതം ഹാക്ക് ചെയ്ത പേജില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത സന്ദേശമാണിത്.

ഹാക്കുചെയ്യപ്പെട്ട ഫെയ്സ്ബുക്കിന്‍റേയും മെസഞ്ചറിന്‍റെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഔര്‍മൈനിന്‍റെ ലോഗോയും പോസ്റ്റുചെയ്തിട്ടുണ്ട്. ഹാക്കിംഗ് നടന്നതായി ട്വിറ്റര്‍ അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

ദുബായ് കേന്ദ്രമാക്കിപ്രവര്‍ത്തിക്കുന്ന ഹാക്കിംഗ് ഗ്രൂപ്പായ ഔര്‍മൈന്‍ നേരത്തേ ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സേ, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ എന്നിവരുടേതുൾപ്പെടെ പ്രമുഖരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ