വാരാന്ത്യം ജര്‍മനിയെ കൊടുങ്കാറ്റ് വിറപ്പിയ്ക്കുമെന്നു കാലാവസ്ഥാ പ്രവചനം
Monday, February 10, 2020 12:29 PM IST
ബര്‍ലിന്‍: സബൈന്‍ കൊടുങ്കാറ്റിനെ നേരിടാനൊരുങ്ങി ജര്‍മനി. കൂടെ പെരുമഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാത്രി വരെ ശക്തമായ കൊടുങ്കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 20 കിലോമീറ്റര്‍ മുതല്‍ 160 കിലോ മീറ്റര്‍ വേഗത വരെയായിരിക്കും കാറ്റിന്റെ ശക്തി.

ഞായറാഴ്ച തന്നെ കൊടുങ്കാറ്റും പേമാരിയും ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാനും സാധ്യതയേറെ. രാജ്യത്താകമാനം കൊടുങ്കാറ്റിന്റെ പ്രഭാവം അനുഭവപ്പെടുമെന്നാണ് കരുതുന്നത്. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ വടക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ ശക്തമായ കാറ്റ് വീശിത്തുടങ്ങും. നോര്‍ത്ത് സീ തീരത്തായിരിക്കും ഇത് ആദ്യം ശക്തി പ്രാപിക്കുക. തുടര്‍ന്ന് രാജ്യത്തിന്റെ വടക്കു ഭാഗത്തേക്കും മധ്യ ഭാഗത്തേക്കും വ്യാപിക്കും. ഞായറാഴ്ച രാത്രിയോടെയാകും തെക്കന്‍ ജര്‍മനിയിലേക്ക് കൊടുങ്കാറ്റ് വീശിത്തുടങ്ങുക എന്നും പ്രവചനം.

കൊടുങ്കാറ്റിനെ നേരിടാന്‍ എല്ലാവിധ ഒരുക്കങ്ങളും ഭരണകൂടം നടത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍